കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം
ചെറിയ പനി, ശരീരവേദന, ചുമ, ക്ഷീണം, തലവേദന തുടങ്ങി ശ്വാസം മുട്ടൽവരെ ലക്ഷണങ്ങളായി പറയുന്നു. രോഗലക്ഷണങ്ങൾ ഏറെ നീണ്ടുനിന്നാൽ തുടർപരിശോധന നടത്തണം.
തിരുവനന്തപുരം: ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിൽ വർധിക്കുന്നു. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്.
ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഈ ന്യൂമോണിയക്ക് കാരണമാകുന്നത്. സ്കൂൾ പ്രായത്തിൽ താഴെയുള്ള കുട്ടികളിൽ ഇത് കൂടുതലാണ്.
തീവ്രമാകില്ലെങ്കിലും ജാഗ്രത വേണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ചെറിയ പനി, ശരീരവേദന, ചുമ, ക്ഷീണം, തലവേദന തുടങ്ങി ശ്വാസം മുട്ടൽവരെ ലക്ഷണങ്ങളായി പറയുന്നു. രോഗലക്ഷണങ്ങൾ ഏറെ നീണ്ടുനിന്നാൽ തുടർപരിശോധന നടത്തണം.