ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടമ്മയ്ക്കു നേരെ അതിക്രമം
പട്ടാപ്പകൽ വീട്ടമ്മയെ വായിൽ തുണി തിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയോട് ചേർത്ത് കെട്ടിയതായി പരാതി
ആലപ്പുഴ : പട്ടാപ്പകൽ വീട്ടമ്മയെ വായിൽ തുണി തിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയോട് ചേർത്ത് കെട്ടിയതായി പരാതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമണി(58)യാണ് ആക്രമണത്തിനിരയായത്.ബുധൻ രാവിലെ ജോലിക്ക് പോയ മകൻ ജോൺ പോൾ ഉച്ചയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെട്ടികാട് ഗവ.ആശുപത്രിയിലും എത്തിച്ചു. ശരീരത്തിൽ ക്ഷതമേറ്റ പാടുണ്ട്. കൊച്ചിയിൽനിന്ന് ബോട്ടിൽ കടലിൽ മൽസ്യബന്ധനത്തിന് പോകുന്ന ഭർത്താവ് ജോൺ രണ്ടാഴ്‌ച കൂടുമ്പോൾ മാത്രമേ വീട്ടിൽ വരൂ. മകൻ ജോൺ പോൾ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതോടെ അടുക്കള ഭാഗത്ത് തുറന്നുകിടന്ന വാതിലിലൂടെ അകത്തു കയറുകയായിരുന്നു. അടുക്കളയ്ക്ക് സമീപത്തെ മുറിയിൽ ജനൽകമ്പിയോട് ചേർത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ തങ്കമണി അബോധാവസ്ഥയിലായിരുന്നു.കിടപ്പുമുറിയിലെ അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്. ജോണിന്റെ മുറിയിൽ മൂവായിരം രൂപയോളം ഉണ്ടായിരുന്നുവെങ്കിലും നഷ്‌ടപ്പെട്ടിട്ടില്ല. മണ്ണഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.