ഉപ്പളയിലെ വീട്ടിൽനിന്ന് 3.5 കോടിയുടെ മയക്കുമരുന്ന് പിടിച്ചു
പെട്ടികളിൽ സൂക്ഷിച്ച മൂന്നു കിലോയോളം എംഡിഎംഎയും ഒരു കിലോയോളം കഞ്ചാവും പിടിച്ചു
കാസർകോട് : മഞ്ചേശ്വരം ഉപ്പള പത്വാടി കൊണ്ടാവൂരിലെ വീട്ടിൽ സൂക്ഷിച്ച 3.5 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. പെട്ടികളിൽ സൂക്ഷിച്ച മൂന്നു കിലോയോളം എംഡിഎംഎയും ഒരു കിലോയോളം കഞ്ചാവുമാണ് പിടിച്ചത്. അസ്‌കർ അലി എന്നയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
പേസ്റ്റ് രൂപത്തിലുള്ള മയക്കുമരുന്നും ലഹരിഗുളികകളുമാണ് കണ്ടെടുത്തത്. ഏതാനും വർഷംമുമ്പ് വീട് വാങ്ങിയവരാണ് ഇവിടെ മയക്കുമരുന്ന് സംഭരിച്ചതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ആഗസ്‌ത് 30ന് മേൽപ്പറമ്പ് കൈനോത്ത് റോഡിൽ 49.33 ഗ്രാം എംഡിഎംഎയുമായി അബ്ദുൽറഹീം എന്ന രവിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പത്വാടിയിൽ റെയ്ഡ് നടത്തിയത്. പൊലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അസ്‌കർ അലിയെ വിളിച്ചുവരുത്തി ചോദ്യംചെയ്‌തപ്പോഴാണ് മയക്കുമരുന്ന് ശേഖരം സൂക്ഷിച്ചതായി വ്യക്തമായത്.