മഹത്തായതും ശക്തവും കരുണാർദ്രവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അടിത്തറ മനുഷ്യരെ വാർത്തെടുക്കലാണ്: ഉപരാഷ്ട്രപതി
യുവാക്കൾ സാമൂഹ്യ മാധ്യമം ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും ഉപയോഗിക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു
‘ലഹരി വിരുദ്ധ’ ക്യാമ്പയിൻ എന്നത് ജനങ്ങൾ നയിക്കുന്ന ഒരു ബഹുജന പ്രചാരണമാക്കി മാറ്റേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി
ന്യൂഡൽഹി : 03 നവംബർ 2025
1951-ൽ റവ. ഡോ. ജെറോം എം. ഫെർണാണ്ടസ് സ്ഥാപിച്ചതു മുതൽ വിദ്യാഭ്യാസത്തിനും രാഷ്ട്രനിർമ്മാണത്തിനും നൽകിപ്പോന്നിട്ടുള്ള 75 വർഷത്തെ വിശിഷ്ട സംഭാവനകളെ അനുസ്മരിച്ചു കൊണ്ട്, കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രിയും കോളേജിലെ വിശിഷ്ട പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ സുരേഷ് ഗോപി, സംസ്ഥാന ധനകാര്യ മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ, കൊല്ലം റോമൻ കത്തോലിക്ക ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി എന്നിവരും വിശിഷ്ട വ്യക്തികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസം സ്വഭാവ രൂപീകരണവുമായി കൈകോർത്ത് പോകണമെന്ന് ഉപരാഷ്ട്രപതി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. അർത്ഥവത്തായതും സംതൃപ്തവുമായ ഒരു ജീവിതത്തിന്റെ യഥാർത്ഥ അടിത്തറയായി വിദ്യാഭ്യാസത്തെ അദ്ദേഹം വിശേഷിപ്പിച്ചു. മഹത്തായതും ശക്തവും കാരുണ്യപൂർണ്ണവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അടിത്തറ മനുഷ്യരെ വാർത്തെടുക്കലാണെന്ന് അദ്ദേഹം പറഞ്ഞു. സ്വഭാവ രൂപീകരണത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസത്തിന്റെ ഒരു ആണിക്കല്ലായി അദ്ദേഹം അടിവരയിട്ടു പറഞ്ഞു. അക്കാദമിക മികവ് മാത്രമല്ല, ദേശീയ പുരോഗതിക്ക് സംഭാവന നൽകാൻ കഴിവുള്ള പൗരന്മാരെ രൂപപ്പെടുത്തുന്ന അച്ചടക്കം, മറ്റുള്ളവർക്ക് നൽകുന്ന സേവനം, സാമൂഹിക ഉത്തരവാദിത്ത ഗുണങ്ങൾ എന്നിവയുടെ മൂല്യങ്ങളും പരിപോഷിപ്പിച്ചതിന് സ്ഥാപനത്തെ പ്രശംസിച്ചു.
തലമുറകളെ സമഗ്രതയോടും ലക്ഷ്യബോധത്തോടും കൂടി ജീവിക്കാൻ പ്രചോദിപ്പിച്ച ഒരു മാർഗ്ഗനിർദ്ദേശ തത്വമായി, സ്ഥാപനത്തിന്റെ പ്രചോദനാത്മകമായ മുദ്രാവാക്യമായ പെർ മാറ്റെം പ്രോ പാട്രിയ (പിതൃഭൂമിക്കായി അമ്മയിലൂടെ) എന്ന മുദ്രാവാക്യത്തെ ശ്രീ സി പി രാധാകൃഷ്ണൻ എടുത്തുകാട്ടി. 75 വർഷങ്ങൾക്ക് മുമ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് സമ്പത്തിനേക്കാൾ ധൈര്യവും വിശ്വാസവും സമൂഹബോധവും ആവശ്യമായിരുന്നെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അറിവിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഒരു ദീപസ്തംഭമായി ആ പാരമ്പര്യം ഉയർത്തിപ്പിടിച്ചതിന് ഫാത്തിമ മാതാ നാഷണൽ കോളേജിനെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തുടനീളം ലഹരി മുക്ത സമൂഹങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തന്റെ സ്വന്തം സംരംഭം പങ്കുവെച്ചുകൊണ്ട്, "ലഹരി വിരുദ്ധ" ജനകീയ പ്രസ്ഥാനത്തിന് ഉപരാഷ്ട്രപതി ശക്തമായ ആഹ്വാനം നടത്തി. ആഗോളതലത്തിൽ യുവാക്കൾ നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് ലഹരിയുടെ വിപത്ത് എന്നും ഇത് വ്യക്തികൾക്കും സമൂഹങ്ങൾക്കും ഒരുപോലെ പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നും മദ്യവും നിരസിക്കുന്നതിനായി ഒന്നിച്ച് കൈകോർക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോടും അധ്യാപകരോടും വിദ്യാർത്ഥികളോടും അഭ്യർത്ഥിച്ചു. ശാരീരികമായ ആരോഗ്യത്തിനും ധാർമ്മിക ശക്തിക്കും സാമൂഹിക ഐക്യത്തിനും ലഹരി വിരുദ്ധ ജീവിതശൈലി അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രചാരണത്തെ ജനങ്ങൾ നയിക്കുന്ന ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാനുള്ള തന്റെ ദൃഢനിശ്ചയം അദ്ദേഹം പ്രകടിപ്പിച്ചു.
വിദ്യാഭ്യാസം ഒരു വ്യക്തിക്ക് സ്വന്തമാക്കാവുന്ന ഏറ്റവും വലിയ സമ്പത്താണെന്ന് തമിഴ് കവിയായ തിരുവള്ളുവറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ഇന്ത്യയെ സ്വാശ്രയവും വികസിതവുമായ ഒരു ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന ശാസ്ത്രജ്ഞരെയും, നൂതനാശയ സ്രഷ്ടാക്കളേയും, ഭരണാധികാരികളെയും, ചിന്തകരെയും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അച്ചടക്കം വളർത്തിയെടുക്കാനും, കൃത്യമായ ദിനചര്യകൾ പിന്തുടരാനും, പഠനത്തോടുള്ള ആജീവനാന്ത പ്രതിബദ്ധത നിലനിർത്താനും അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
സാമൂഹ്യ മാധ്യമങ്ങൾ ശ്രദ്ധാപൂർവ്വവും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്നും അതിന്റെ ദുരുപയോഗ സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും ഉപരാഷ്ട്രപതി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. സാങ്കേതികവിദ്യയ്ക്ക് പരസ്പരം ബന്ധിപ്പിക്കാനും വിവരങ്ങൾ നൽകാനും വളരെയധികം ശക്തിയുണ്ടെങ്കിലും, അതിന്റെ അശ്രദ്ധമായ ഉപയോഗം തെറ്റിദ്ധരിപ്പിക്കാനും വിഭജിക്കാനും ശ്രദ്ധ തിരിക്കാനും കാരണമാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സത്യം, കാരുണ്യം, ദേശീയ ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസത്തിലും സാക്ഷരതയിലും കേരളം നേടിയ ശ്രദ്ധേയമായ നേട്ടങ്ങളെ പ്രശംസിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ സ്ഥാപകരെപ്പോലുള്ള ദീർഘവീക്ഷണമുള്ളവരുടെ പരിശ്രമമാണ് ഇത് സാധ്യമാക്കിയതെന്ന് പറഞ്ഞു. ഫാത്തിമ മാതാ നാഷണൽ കോളേജ് ഒരു വികസിത ഭാരതത്തിൽ അതിന്റെ ശതാബ്ദി ആഘോഷിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു, കൂടാതെ സ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷ വേളയിൽ ഒരു സന്ദർശകനായി വീണ്ടും സ്ഥാപനത്തിലേക്ക് വരാനുള്ള ആഗ്രഹവും അദ്ദേഹം അറിയിച്ചു.
പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഏഴര പതിറ്റാണ്ടായി രാഷ്ട്രത്തിനുവേണ്ടി അർപ്പണബോധത്തോടെ സേവനം അനുഷ്ഠിക്കുന്ന കോളേജ് സമൂഹത്തെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ അഭിനന്ദിച്ചു. സ്ഥാപനത്തെ ജ്ഞാനത്തിന്റെ ക്ഷേത്രവും മൂല്യങ്ങളുടെ വിളക്കുമാടവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അതിന്റെ തുടർച്ചയായ വളർച്ചയ്ക്കും ഇന്ത്യയുടെ വിദ്യാഭ്യാസപരവും ധാർമ്മികവുമായ പുരോഗതിക്ക് നൽകുന്ന സംഭാവനയ്ക്കും അദ്ദേഹം ആശംസകൾ നേർന്നു.