വാഴൂരിലെ വിത്തുണ്ടകള്‍ വനത്തിലെ ഫലവൃക്ഷങ്ങളാകും
-വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച വിത്തുണ്ടകള്‍ വനംവകുപ്പിന് കൈമാറി

കോട്ടയം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരണത്തിനായി വനം വകുപ്പ് നടപ്പാക്കുന്ന വിത്തൂണ് പദ്ധതിയുടെ ഭാഗമായി വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച വിത്തുണ്ടകള്‍ വനംവകുപ്പിന് കൈമാറി. സംസ്ഥാനത്ത് ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ വിത്തൂണ് പദ്ധതി നടപ്പാക്കുന്നത് ഇതാദ്യമാണ്.
വന്യമൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള ഫലങ്ങളുടെ വിത്തുകള്‍ ജൂണ്‍,ജൂലൈ മാസങ്ങളില്‍ വനത്തിനുള്ളില്‍ വിതറുന്ന വനംവകുപ്പിന്റെ നൂതനപദ്ധതിയാണ് വിത്തൂണ്.
ചക്കക്കുരു ,കശുവണ്ടി, മാങ്ങാണ്ടി തുടങ്ങിയ വിത്തുകള്‍ ശേഖരിച്ച് മണ്ണ് അരിച്ചെടുത്ത് രണ്ടുചട്ടിക്ക് ഒരു ചട്ടി പച്ചച്ചാണകം എന്ന അനുപാതത്തില്‍ കുഴച്ചെടുത്ത് അതിനുള്ളില്‍ വിത്ത് നിക്ഷേപിച്ച് ഉണക്കി എടുക്കുന്നതാണ് വിത്തുണ്ട. വെയിലുകൊണ്ട് ഉണങ്ങാത്തതിനാല്‍ ഇത് വിത്തിനെ മുളപ്പിക്കും.
കാടിറങ്ങാതെ വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ ഫലങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പതിനായിരം വിത്തുണ്ടകളാണ് ബ്ലോക്ക് പഞ്ചായത്ത് വനം വകുപ്പിന് കൈമാറിയത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് വിത്തുണ്ടകള്‍ വനം വകുപ്പ് മണിമല പ്ലാച്ചേരി റേഞ്ച് ഓഫീസര്‍ സുരേഷ് കുമാറിന് കൈമാറി .
ബ്ലോക്ക് പഞ്ചായത്തിന്റെ പരിഷ്‌കരിച്ച ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്് ഗീത എസ്. പിള്ള, കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ശ്രീജിഷ കിരണ്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷാജി പാമ്പൂരി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേതുനാഥ്, വര്‍ഗീസ് ജോസഫ്, കെ.എസ.് ശ്രീജിത്ത്, കോട്ടയം ജൈവവൈവിധ്യ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ തോംസണ്‍ ദേവിസ്, സെക്രട്ടറി പി.എം. സുജിത്, വൃക്ഷവൈദ്യന്‍ കെ. ബിനു എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച വിത്തുണ്ടകള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് വിത്തുണ്ടകള്‍ വനം വകുപ്പ് റേഞ്ച് ഓഫീസര്‍ സുരേഷ് കുമാറിന് കൈമാറുന്നു
ഫോട്ടോ ക്യാപ്ഷന്‍ 2 : വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വിത്തുണ്ടകള്‍