രാജധാനിയെ വെല്ലും വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വെ
800 മുതല്‍ 1,200 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് സ്ലീപ്പര്‍ ട്രെയിന്‍
ചെന്നൈ: ഇതാദ്യമായി വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. രാജധാനി ട്രെയിനുകളുടെ വെല്ലുന്ന സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളിലുള്ളത്. 800 മുതല്‍ 1,200 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കാണ് സ്ലീപ്പര്‍ ട്രെയിന്‍ പരിഗണിക്കുക. 11 ത്രീ ടയര്‍ എസി കോച്ചുകള്‍, നാല് ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെ 823 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇവയുടെ നിര്‍മാണ ചെലവ് 12 കോടി രൂപയാണ്.
പൂര്‍ണമായും ശീതികരിച്ച, അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് ട്രെയിന്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ സഹകരണത്തോടെ (ഐസിഎഫ്) ഭാരത് എര്‍ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് നിര്‍മിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സംവിധാനം, ഡ്രൈവര്‍ ക്യാബിനിലേക്കുള്ള എമര്‍ജന്‍സി ടോക്ക് ബാക്ക് യൂണിറ്റ്, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എല്‍ഇഡി ഡിസ്‌പ്ലേ, ഇന്റഗ്രേറ്റഡ് റീഡിങ് ലൈറ്റ്, വിശാലമായ ലഗേജ് റൂം, ചാര്‍ജിങ് സോക്കറ്റുകള്‍, വിഷ്വല്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം തുടങ്ങിയ സൗകര്യങ്ങളെല്ലാം കോച്ചുകളിലുണ്ട്.
ബയോ വാക്വം ടോയ്ലറ്റുകള്‍, ചൂടുവെള്ളത്തില്‍ കുളിക്കാനുള്ള സൗകര്യം, സിസിടിവി, പാസഞ്ചര്‍ അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവയും പ്രത്യേകതയാണ്. ഓട്ടോമാറ്റിക് ഇന്റര്‍കണക്ടിങ് ഡോറുകളുമുണ്ട്. മുകളിലെ ബെര്‍ത്തില്‍ കയറാനായി പ്രത്യേകം രൂപകല്‍പന ചെയ്ത ഗോവണിയും ദിവ്യാംഗര്‍ക്ക് ഉപയോഗിക്കാനാകും വിധത്തിലുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ബിഇഎംഎല്ലുമായി സഹകരിച്ച് 10 റേക്കുകള്‍ കൂടി നിര്‍മിക്കുമെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ സുബ്ബ റാവു അറിയിച്ചു.
റൂട്ടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രൊപ്പല്‍ഷന്‍ സിസ്റ്റം വാങ്ങുന്നതിനായി ടെന്‍ഡറുകള്‍ നല്കിയിട്ടുണ്ടെന്നും 18 മാസത്തിനുള്ളില്‍ റേക്കുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും വിധത്തിലാണ് രൂപകല്‍പനയെങ്കിലും 180 കിലോമീറ്റര്‍ വേഗതയില്‍ പരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.