ശബരിപാതയ്ക്ക് ജീവൻ ; ത്രികക്ഷി കരാറിന് നിർദേശം
കൊച്ചി: നിർദിഷ്ട അങ്കമാലി - ശബരി റെയിൽപാതയ്ക്ക് വീണ്ടും ജീവൻവയ്പിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ. റെയിൽവേയും ആർബിഐയുമായി സാമ്പത്തിക സഹായത്തിന് കരാർ ഉണ്ടാക്കാനാണ് നിർദ്ദേശം. കെ റയിലിനാണ് ഇതിന്റെ ചുമതല.
നേരത്തെ മഹാരാഷ്ട്ര സർക്കാർ, ആർബിഐ റെയിൽവേ എന്നിവരുമായി പദ്ധതികൾക്കുള്ള ഫണ്ടിങ്ങിന് ത്രികക്ഷി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതേ മാതൃകയിൽ കരാർ ഉണ്ടാക്കാനാണ് കേരളത്തിന് കേന്ദ്രത്തിന്റെ നിർദേശം.
കഴിഞ്ഞ 16ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന റെയിൽ മന്ത്രി വി.അബ്ദുറഹിമാനും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയുടെ പിന്നാലെയാണ് പുതിയ തീരുമാനം.
അങ്കമാലി-എരുമേലി-ശബരി റെയിൽപാത പദ്ധതി, സിൽവൻ ലൈൻ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം, റെയിൽപാതകൾ മൂന്ന്,നാല് വരിയാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്.
1997-98ൽ കേന്ദ്ര റെയിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയാണ് 27 വർഷങ്ങൾക്കു ശേഷവും എവിടെയുമെത്താതെ നിൽക്കുന്നത്. ഇതിനിടെ പദ്ധതി മുടങ്ങിക്കിടക്കുന്നതിനെ ചൊല്ലി കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയായിരുന്നു.