വി എസിന്റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. തന്റെ ദീർഘകാല പൊതുജീവിതത്തിൽ, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രവർത്തകർക്കും അഗാധമായ അനുശോചനം അറിയിക്കുന്നു- രാഷ്ട്രപതി എക്സിൽ കുറിച്ചു.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുകയാണ്- പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവച്ചു.