വി എസ് അച്യുതാനന്ദൻ (102)അന്തരിച്ചു ,പ്രിയ നേതാവിന് വിട ......

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാൾ ചികിത്സയിൽ കഴിയുന്നതിനിടെ അന്ത്യം സംഭവിച്ചത്.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
നാലു വയസുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്.
1964 ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 1965-ൽ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറിപ്പിനോട് 2327 വോട്ടിനു തോറ്റ വിഎസ് 1967-ൽ ഇവിടെ കോൺഗ്രസിലെ എം. അച്യുതനെ 9515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970-ലും വിഎസ് വിജയം ആവർത്തിച്ചു. ആർഎസ്പിയിലെ കെ.കെ. കുമാരപിള്ളയെ 2768 വോട്ടിനായിരുന്നു തോൽപിച്ചത്.
എന്നാൽ, 1977-ൽ കെ.കെ. കുമാരപിള്ളയോട് 5585 വോട്ടിന് വിഎസ് അടിയറവു പറഞ്ഞു. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 1991-ൽ മാരാരിക്കുളത്ത് മത്സരിച്ചു ജയിച്ച വിഎസ് 1996-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി.ജെ. ഫ്രാൻസിസിനോടു തോറ്റു. വിഎസിന്റെ ഈ പരാജയം സിപിഎമ്മിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ജില്ലയിൽ ജനിച്ചുവളർന്ന നേതാവ് മാരാരിക്കുളത്തു തോറ്റപ്പോൾ ഞെട്ടിയത് ആലപ്പുഴ കൂടിയായിരുന്നു. അങ്ങനെ 2001 മുതൽ വിഎസ് മലമ്പുഴയുടെ സ്വന്തം എംഎൽഎയായി
1986 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ പാർട്ടി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം നിയമസഭയിലെ (2006-2011) മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ് തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: കെ.വസുമതി. മക്കൾ: വി.എ.അരുൺകുമാർ, ഡോ. വി.വി.ആശ
അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ .....