ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താം: സാങ്കേതികവിദ്യ കൈമാറ്റത്തിന് ഐ.സി.എം.ആര്‍.
ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താനാകുന്ന ലളിതമായ പരിശോധനാമാര്‍ഗം വികസിപ്പിച്ച് ഐ.സി.എം.ആര്‍
തൃശ്ശൂര്‍ : ആഗോള പൊതുജനാരോഗ്യത്തിന് ഭീഷണിയായിത്തന്നെ തുടരുന്ന ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താനാകുന്ന ലളിതമായ പരിശോധനാമാര്‍ഗം വികസിപ്പിച്ച് ഐ.സി.എം.ആര്‍. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് സാങ്കേതികവിദ്യ കൈമാറാനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അസമിലെ ഡിബ്രുഗഢ് ആസ്ഥാനമായ ഐ.സി.എം.ആറിലെ ഗവേഷകരാണ് കൂടുതല്‍ ഫലപ്രദവും ചെലവു കുറഞ്ഞതുമായ രീതി വികസിപ്പിച്ചെടുത്തത്.
നിലവില്‍ മൂന്നു വിധത്തിലുള്ള പരിശോധനകളാണുള്ളത്. വ്യാപകമായി ഉപയോഗിക്കുന്ന കള്‍ച്ചര്‍ സാങ്കേതികവിദ്യയുടെ ഫലം അറിയാന്‍ 42 ദിവസമാകുമെന്നതാണ് വലിയ ന്യൂനത. സങ്കീര്‍ണമായ സംവിധാനങ്ങള്‍ വേണമെന്നതും പരിമിതിയായിരുന്നു. പുതിയ സാങ്കേതികവിദ്യയില്‍, രോഗം ബാധിച്ചയാളുടെ കഫം പരിശോധിക്കാന്‍ മിനിറ്റുകള്‍ മാത്രം മതി. രണ്ടര മണിക്കൂറിനുള്ളില്‍ 1500 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. 35 രൂപ മാത്രമേ പരിശോധനയ്ക്ക് വരുകയുള്ളൂയെന്നാണ് പറയുന്നത്.പരിശോധനാരീതി വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമാക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. സാങ്കേതികവിദ്യ ഏറ്റെടുക്കാന്‍ തയ്യാറുള്ള സ്ഥാപനങ്ങളുടെ താത്പര്യമാണ് ക്ഷണിച്ചിരിക്കുന്നത്. രോഗനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലോകത്തെ ക്ഷയരോഗബാധിതരില്‍ അഞ്ചിലൊന്നും ഇന്ത്യയിലാണെന്നാണ് കണക്ക്.