ടി.ടി.ഐ പ്രിൻസിപ്പൽ, ട്രെയിനിങ് അസിസ്റ്റന്റ് യോഗ്യത പി.ജിയും എം.എഡുമാക്കി ഉയർത്തി
ടി.ടി.ഐ പ്രിൻസിപ്പൽ നിയമനത്തിന് 55 ശതമാനം മാക്കോടെയുള്ള ബിരുദാനന്തര ബിരുദവും എം.എഡും ടി.ടി.ഐയിൽ അഞ്ചുവർഷത്തെ അധ്യാപന പരിചയവും യോഗ്യതയാകും.
 
                                    തിരുവനന്തപുരം: ടീച്ചർ എജുക്കേഷൻ സ്ഥാപനങ്ങളിലെ ട്രെയിനിങ് അസിസ്റ്റന്റ്, പ്രിൻസിപ്പൽ നിയമനങ്ങൾക്ക് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) നിഷ്കർഷിച്ച യോഗ്യത നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇതോടെ ടി.ടി.ഐ പ്രിൻസിപ്പൽ നിയമനത്തിന് 55 ശതമാനം മാക്കോടെയുള്ള ബിരുദാനന്തര ബിരുദവും എം.എഡും ടി.ടി.ഐയിൽ അഞ്ചുവർഷത്തെ അധ്യാപന പരിചയവും യോഗ്യതയാകും.
നിലവിൽ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം (കെ.ഇ.ആർ) ഹൈസ്കൂളിന്റെയും ട്രെയിനിങ് സ്കൂളിന്റെയും പ്രഥമാധ്യാപകർക്ക് 12 വർഷത്തെ ഗ്രാജ്വേറ്റ് സർവിസും ഡിപ്പാർട്മെന്റൽ ടെസ്റ്റുമാണ് യോഗ്യത.എന്നാൽ, എൻ.സി.ടി.ഇ പ്രകാരം അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ ട്രെയിനിങ് അസിസ്റ്റൻറ്, പ്രിൻസിപ്പൽ നിയമനങ്ങൾക്ക് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എം.എഡും ടി.ടി.ഐയിൽ അഞ്ചു വർഷത്തെ അധ്യാപന പരിചയവും വേണം. ഈ യോഗ്യതയാണ് പുതിയ ഉത്തരവിലൂടെ സംസ്ഥാന സർക്കാറും ബാധകമാക്കിയത്.കെ.ഇ.ആറിൽ ഇതുസംബന്ധിച്ച് ഉടൻ ഭേദഗതി വരുത്തും. എൻ.സി.ടി.ഇ യോഗ്യതയുള്ളവരെ ടി.ടി.ഐകളിലെ പ്രഥമാധ്യാപകരായി നിയമിക്കണമെന്ന് കോടതി വിധിയുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                            