മലയോരത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടങ്ങൾ; പാണത്തൂർ പരിയാരത്തും മാലോത്തും ദിവസങ്ങളായി കാട്ടാനക്കൂട്ടമിറങ്ങുന്നു.
കഴിഞ്ഞദിവസം രാത്രിയിൽ കാടിറങ്ങിയ കാട്ടാനക്കൂട്ടങ്ങൾ മാലോത്ത് ഇരുചക്രവാഹനവും പരിയാരത്ത് വ്യാപകമായി കൃഷിയും നശിപ്പിച്ചു
കാഞ്ഞങ്ങാട്: മലയോരത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടങ്ങൾ. പാണത്തൂർ പരിയാരത്തും മാലോത്തും ദിവസങ്ങളായി കാട്ടാനക്കൂട്ടമിറങ്ങുന്നു. കഴിഞ്ഞദിവസം രാത്രിയിൽ കാടിറങ്ങിയ കാട്ടാനക്കൂട്ടങ്ങൾ മാലോത്ത് ഇരുചക്രവാഹനവും പരിയാരത്ത് വ്യാപകമായി കൃഷിയും നശിപ്പിച്ചു. പരിയാരത്തും പരിസരങ്ങളിലും ഏഴ് കാട്ടാനകളടങ്ങിയ കൂട്ടമാണിറങ്ങിയത്. നിരവധി കർഷകരുടെ തെങ്ങും കവുങ്ങും വാഴയും വ്യാപകമായി നശിപ്പിച്ചു.ഒരാഴ്ചയായി കർണാടക വനത്തിൽനിന്ന് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തുന്നുണ്ട്. ഒരാഴ്ചക്കിടെ ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടാക്കി നൂറുകണക്കിന് കാർഷിക വിളകളാണ് നശിപ്പിച്ചത്. പരിയാരത്തെ ജോൺസന്റെ വീട്ടുമതിൽ തകർത്തു. പരിയാരം-പാണത്തൂർ പ്രധാന റോഡിലിറങ്ങിയ ശേഷമാണ് കാട്ടാന വീട്ടുമതിൽ തകർത്തത്. ദിവസങ്ങളായി നാട്ടുകാർ ഭീതിയിലാണ്. സംഘടിച്ച നാട്ടുകാർ പ്രതിഷേധിച്ചുതുടങ്ങി.
ഫോറസ്റ്റ് ഓഫിസ് ഉപരോധത്തിന് ഉൾപ്പെടെ ആലോചിക്കുന്നുണ്ട്. പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. വനത്തിനോടു ചേർന്ന് കിടങ്ങ് തീർത്ത് കാട്ടാനകൾ കൃഷിയിടത്തിലെത്തുന്നത് തടയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്.ഇക്കാര്യം ബന്ധപ്പെട്ടവർ ഉയർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തി. ലക്ഷങ്ങൾ ചെലവഴിച്ച് നാല് കിലോമീറ്റർ കിടങ്ങ് തീർക്കേണ്ടിവരും. കർണാടക ഫോറസ്റ്റിന്റെ അനുമതി കിട്ടിയാൽ മാത്രമേ ഇത് സാധ്യമാകൂ. നിലവിൽ രാത്രിയിൽ വനപാലകർ കാവലുണ്ടെങ്കിലും പല വഴികളിൽ കൂടിയാണ് കാട്ടാനകൾ വനത്തിൽനിന്ന് പുറത്തു കടക്കുന്നതെന്നതിനാൽ യഥാസമയം ഇവയെ കണ്ടെത്താനാകുന്നില്ല