പുതിയ അധ്യയന വര്‍ഷത്തില്‍ മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് സുഗമവും സൗകര്യപ്രദവുമായ ബസ് യാത്ര ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്.
വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ജില്ലാതല സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകായിരുന്നു ജില്ലാ കളക്ടര്‍
മലപ്പുറം : പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് സുഗമവും സൗകര്യപ്രദവുമായ ബസ് യാത്ര ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ജില്ലാതല സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകായിരുന്നു ജില്ലാ കളക്ടര്‍. യാത്രാ കണ്‍സഷന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള ഉപദ്രവവും ഉണ്ടാകരുത്. വിദ്യാര്‍ഥികളുടെ യാത്രാവകാശം നിഷേധിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ സമീപനത്തില്‍ മാറ്റം ആവശ്യമാണെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ യോഗത്തില്‍ പറഞ്ഞു. ഡ്രൈവര്‍മാര്‍ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷവും ബസ് ഓടിക്കുന്നുണ്ടോയെന്ന കാര്യം കണ്ടെത്താന്‍ പരിശോധന നടത്തും. ബസ് ജീവനക്കാര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കുന്ന പരാതികള്‍ ഗൗരവമായി കാണുകയും അത്തരം പരാതികളില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജില്ലയില്‍ പാരലല്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി യോഗത്തില്‍ അറിയിച്ചു.ബസ് സ്റ്റാന്റുകളില്‍ കാത്തു നില്‍ക്കുന്ന വിദ്യാർഥികളെ ബസ് പുറപ്പെട്ടതിനു ശേഷം കയറ്റുക, ക്യൂ നിർത്തുക തുടങ്ങിയ കാര്യങ്ങൾ അനുവദനീയമല്ലെന്ന് ആര്‍.ടി.ഒ സി.വി.എം ഷെരീഫ് യോഗത്തില്‍ അറിയിച്ചു. വിദ്യാർഥികളോട് മോശമായി പെരുമാറുന്ന ജീവനക്കാരുടെ പേരിൽ പരാതികിട്ടിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. സ്വകാര്യ, പാരലല്‍ കോലേജ് വിദ്യാർഥികൾക്ക് യാത്രാ ഇളവിനായുള്ള പാസുകൾ അനുവദിക്കുന്നതിന് അതത് താലൂക്കിലെ ജോ. ആര്‍.ടി.ഒ, ബസ്സുടമകൾ, സംഘടനാ ഭാരവാഹികൾ, വിദ്യാർഥി സംഘടനാപ്രതിനിധികൾ, കോളേജ് പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന കമ്മിറ്റി എല്ലാ ബുധനാഴ്ചയും യോഗം ചേരും. അംഗീകാരമുള്ള കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും യാത്രാപാസ് അനുവദിക്കും. ഞായര്‍ അടക്കമുള്ള അവധി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് അന്നും കണ്‍സഷന് അര്‍ഹതയുണ്ട്. എന്നാല്‍ ട്യൂഷൻ സെന്ററുകളിലേക്കുള്ള യാത്രയ്ക്ക് കൺസഷൻ പാസ് അനുവദിക്കില്ലെന്നും ആര്‍.ടി.ഒ അറിയിച്ചു.