അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം
ജില്ലാപഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലെ എഞ്ചിനീയറിങ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതാണ് പദ്ധതി.
മലപ്പുറം: ജില്ലാപഞ്ചായത്ത് പട്ടികജാതി വികസന ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ``അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം'' എന്ന പദ്ധതിയിലേക്ക് പട്ടികജാതി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാപഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലെ എഞ്ചിനീയറിങ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതാണ് പദ്ധതി. പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നേടുന്നതിനാവശ്യമായ പ്രവൃത്തിപരിചയം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിമാസ സ്റ്റൈപ്പന്‍ഡോടെ രണ്ട് വര്‍ഷത്തെ പരിശീലനമാണ് നല്‍കുക.
ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് ജനറല്‍, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാര മെഡിക്കല്‍ യോഗ്യതകളുള്ളവര്‍, ബി.ടെക്-സിവില്‍ എഞ്ചിനീയറിങ്, പോളി ടെക്‌നിക്(സിവില്‍), ഐ.ടി.ഐ(സിവില്‍) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 22ന് മുമ്പ് ജില്ലാ പട്ടികജാതി ഓഫീസില്‍ ലഭിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.