യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ സ്മരണപുതുക്കി ഇന്ന് പെസഹാ വ്യാഴം
ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷനടക്കും. പെസഹാദിനമായ വ്യാഴാഴ്ച മുതൽ തീവ്രമായ പ്രാർഥനകളിലൂടെയാണ് വിശ്വാസികൾ കടന്നുപോവുക. ഇതോടെ വിശുദ്ധവാരാചരണ കർമങ്ങൾ കൂടുതൽ സജീവമാകും. ഞായറാഴ്ച ഈസ്റ്റർ ആഘോഷത്തിനായി ക്രൈസ്തവ ദേവാലയങ്ങളും കുടുംബങ്ങളും ഒരുങ്ങും

കോട്ടയം : യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണപുതുക്കി പെസഹാ ആചരിച്ച് ക്രൈസ്തവ സഭകൾയേശു ശിഷ്യരോടൊപ്പം സെഹിയോന്‍ ഊട്ടുശാലയില് പെസഹ ആചരിച്ചതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും പാവനസ്മരണ അയവിറക്കുന്ന പുണ്യദിനം.
എളിമയുടെയും ലാളിത്യത്തിന്റെയും മാതൃകയായി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ സ്മരണ പുതുക്കി ദേവാലയങ്ങളില്‍ പാദക്ഷാളനം നടന്നു. വിശുദ്ധവാരത്തിന്റെ അതിപ്രധാന ദിനങ്ങളിലേക്ക് ക്രൈസ്തവ വിശ്വാസികള്‍ കടക്കുകയാണ്.
യാക്കോബായ, ഓർത്തഡോക്സ് സഭകളടെ ദൈവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർഥനകളും കുർബാനയും നടന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന പെസഹ ശുശ്രൂഷകൾക്ക് യാക്കോബായ സഭ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക ബാവ മുഖ്യകാർമികത്വം വഹിച്ചു.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ സെന്റ് തോമസ് കത്തീഡ്രലിലും ബിഷപ് മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ കോട്ടയം വിമലഗരി കത്തീഡ്രലിലും പെസഹാ ശുശ്രൂഷകളില്‍ കാര്‍മികരാകും.വൈകുന്നേരം ഭവനങ്ങളില്‍ അനുഷ്ഠാനങ്ങളോടെ പെസഹ ഭക്ഷണമായ അപ്പവും പാലും അടയും ആചാരപ്രകാരം തയാറാക്കും. കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്ന് പ്രാര്‍ഥനയ്ക്കും തിരുവചന വായനയ്ക്കും ശേഷം ഗൃഹനാഥന് അപ്പം മുറിച്ച് നല്‍കും. പാതിരാവോളം പാന ആലാപനവും പീഡാനുവത്തെ അനുസ്മരിക്കുന്ന സുവിശേഷ വായനയുമായി കുടുംബാംഗങ്ങള്‍ ഭക്തിപൂര്‍വം പെസഹാദിനം ആചരിക്കും.
നാളെ ദുഃഖവെള്ളിയോടനുബന്ധിച്ചും ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്മങ്ങളുണ്ട്. രാവിലെ പീഡാനുഭവ ശുശ്രൂഷകള്‍ക്കു തുടക്കമാകും. പീഡാനുഭവ വായന, നഗരി കാണിക്കല്‍, കുരിശു ചുംബനം തുടങ്ങിയ ശുശ്രൂഷകള്‍ക്കുശേഷം കുരിശിന്റെ വഴിയുമുണ്ടാകും. വാഗമണ്‍, വല്ല്യച്ചന്‍മല, അറുനൂറ്റിമംഗലം എന്നിവിടങ്ങളിലെ കുരിശിന്റെ വഴിയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുക്കും.