പടക്കനി‌ർമ്മാണശാല സ്ഫോടനത്തിൽ 14 മരണം

Apr 22, 2026
പടക്കനി‌ർമ്മാണശാല സ്ഫോടനത്തിൽ 14 മരണം
thrisur accident

തൃശൂർ/മുണ്ടത്തിക്കോട്: പൂരപ്രേമികളെയും രാജ്യത്തെയും നടുക്കിയ പടക്കനി‌ർമ്മാണശാല ദുരന്തത്തിൽ 14 പേരുടെ ജീവൻ നഷ്ടമായതായി സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. കുണ്ടന്നൂർ മുതുക്കാട്ടിൽ വിജയന്റെ മകൻ സുബിൻ (45), വടക്കാഞ്ചേരി കുമരനെല്ലൂർ മാടിപ്പുറത്ത് വാസുദേവൻ (54), വെന്നൂർ പതയന്നൂർ പറക്കുണ്ടിൽ സുദർശൻ (56),​ കോട്ടപ്പുറം സ്വദേശി ഗിരി, അയ്യന്തോൾ സ്വദേശി വിഷ്ണു എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രിയോടെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം ഈ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ആദ്യം തിരിച്ചറിഞ്ഞ രണ്ടു പേരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ മറ്റ് മൃതദേഹങ്ങൾ കൈമാറൂ. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോട് കുട്ടൻകുളത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. 13 തൊഴിലാളികൾക്ക് മാരകമായി പൊള്ളലേറ്റു. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരം. എട്ടു പേർ ഓടി രക്ഷപ്പെട്ടു. വൈകിട്ട് 3.20നാണ് വെടിക്കെട്ട് ഒരുക്കുന്ന അഞ്ച് പുരകൾക്ക് തീപിടിച്ചത്.

ഉച്ചയ്ക്ക് 40 പേർക്കുള്ള ഭക്ഷണം വാങ്ങിയിരുന്നെങ്കിലും സംഭവസമയത്ത് 35പേരേ ഉണ്ടായിരുന്നുള്ളൂവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. അഞ്ചുപേർ വെള്ളം കുടിക്കാനായി പുറത്തു പോയിരുന്നതായും പറയുന്നു. കനത്തചൂടിൽ കരിമരുന്നിനോ തിരികൾക്കോ തീപിടിച്ചതാകാം അപകടകാരണമെന്നാണ് രക്ഷപ്പെട്ട തൊഴിലാളി വിൻസെന്റിന്റെ മൊഴി. ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ കൃത്യമായ കാരണം പറയാനാകൂവെന്ന് ഫയർഫോഴ്‌സും പൊലീസും അറിയിച്ചു.

ഏഴുപേരുടെ മൃതദേഹം മാത്രമാണ് പൂർണമായും ലഭിച്ചത്. മറ്റുള്ളവരുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. പരിക്കേറ്റവർ മെഡിക്കൽ കോളേജ് തീപ്പൊള്ളൽ വിഭാഗം (ബേൺ) ഐ.സി.യുവിലാണ്. വെടിക്കെട്ട് കരാറുകാരൻ സതീശ് (46), ബാബു (54), വിഷ്ണു (40), പ്രവീൺ (45), രാജേഷ് (40), അനിത (50), അഖിൽ (40), ഉദയകുമാർ (48), ഹരി (40), ബാബു (57), സുഭദ്ര (68), ഭവാനി (65), സുന്ദരൻ (45) എന്നിവരാണ് ബേൺ ഐ.സി.യുവിലുള്ളത്.

പൊട്ടിത്തെറി ഉണ്ടായതോടെ ബിജു, വിൻസെന്റ്, ഭവാനി, അനിത, ബാബു തുടങ്ങിയ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. 13 വർഷമായി വെടിക്കെട്ട് പണികൾ നിർവഹിക്കുന്ന മുണ്ടത്തിക്കോട് സതീശനായിരുന്നു തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസി.

മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. തിരിച്ചറിയാൻ ശേഷിക്കുന്നത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. അപകടകാരണം അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്‌ട്രേട്ടായ തൃശൂർ ആർ.ഡി.ഒയെ കളക്ടർ ശിഖ സുരേന്ദ്രൻചുമതലപ്പെടുത്തി. മരിച്ച സുദർശനന്റെ ഭാര്യ ചന്ദ്രിക. മക്കൾ: അനൂപ്, സുബിൻ. സനിതയാണ് വാസുദേവന്റെ ഭാര്യ. മക്കൾ: അശ്വിൻ ദേവ്ധ,​ അനുശ്രീ. മറ്റുള്ളവരുടെ വിവരം ലഭ്യമായിട്ടില്ല.

മരിച്ചവർക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരസഹായം പ്രഖ്യാപിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടാനായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് കളക്ടർക്ക് തുക കൈമാറാനാകും.

വടക്കാഞ്ചേരി നഗരസഭയിലെ 41-ാം ഡിവിഷനിലാണ് വെടിക്കെട്ട് പുര. വേലൂർ, അവണൂർ പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. പാടത്തിന് മദ്ധ്യേ രണ്ടേക്കറോളം വരുന്ന ദ്വീപ് പോലുള്ള പ്രദേശത്താണ് വെടിക്കെട്ട് നിർമ്മാണം നടന്നിരുന്നത്. മൂന്നു നിർമ്മാണ ശാലകളും രണ്ടു വിശ്രമ കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. രണ്ടു നിർമ്മാണശാലകളും രണ്ടു വിശ്രമകേന്ദ്രങ്ങളും പൂർണമായും കത്തിനശിച്ചു. അല്പം അകലെയായി വെടിമരുന്ന് സൂക്ഷിച്ച മറ്റൊരു പുരയ്ക്ക് തീപിടിച്ചില്ല.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.