ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കബറടക്കം,തോമസ് പ്രഥമൻ ബാവ ഇനി ദീപ്ത സ്മരണ
സർക്കാർ എന്ത് തീരുമാനം എടുത്താലും ഒപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു -മുഖ്യമന്ത്രി അനുസ്മരിച്ചു.
 
                                    കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് വിട. പുത്തൻകുരിശിലെ പാത്രിയർക്കീസ് സെന്ററിനോട് ചേർന്ന കത്തീഡ്രലിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ബാവായെ കബറടക്കിയത്.
മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു കബറടക്ക ശുശ്രൂഷകള്‍ നടന്നത്. പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ വൈകുന്നേരം മൂന്നോടെയാണ് സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായത്. 5.40 ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.
ശ്രേഷ്ഠ ബാവായ്ക്ക് വിട നൽകാൻ ആയിരങ്ങളാണ് പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിയത്. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും എത്തിയ മെത്രൊപ്പൊലീത്തമാരും ചടങ്ങിൽ കാർമ്മികരായി. സംസ്ഥാന സർക്കാരിന്റെ അനുശോചന സന്ദേശം മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. 25 വർഷക്കാലം സഭയെ നയിച്ച വ്യക്തിത്വമാണ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ.
ജോസഫ് മാർ ഗ്രിഗോറിയോസ് പിൻഗാമിയാകണമെന്നാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ അറിയിച്ചിരിക്കുന്നത്. ജോസഫ് മാർ ഗ്രിഗോറിയോസ് പിൻഗാമിയാകണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഇക്കാര്യം സഭയ്ക്ക് തീരുമാനിക്കാമെന്നും വിൽപത്രത്തിൽ ബാവ പറയുന്നു.
ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം പരിഹരിക്കുമെന്ന് ബാവയ്ക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            