സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനനടപടികളിൽ ധാരണയായില്ല
2017 മുതലുള്ള ജി.എസ്.ടി. കുടിശ്ശിക അടയ്ക്കണമെന്നാണ് സർക്കാർ നിലപാട്. ഇതോടെ ഇനിമുതൽ ഏകീകൃത പ്രവേശനത്തിനില്ലെന്ന് അസോസിയേഷനുകൾ വ്യക്തമാക്കുകയായിരുന്നു
തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനനടപടികളിൽ ധാരണയായില്ല. ഏകീകൃത പ്രവേശനത്തിന് മാനേജ്‌മെന്റ് അസോസിയേഷനുകൾ വാങ്ങുന്ന അപേക്ഷാഫീസിന് 18 ശതമാനം ചരക്ക്-സേവന നികുതി അടയ്ക്കണമെന്ന സർക്കാർ നിലപാടാണ് പ്രതിസന്ധിക്ക് കാരണം.ഓരോ വിദ്യാർഥിയിൽനിന്നും 1000 രൂപയാണ് അപേക്ഷാഫീസായി അസോസിയേഷനുകൾ വാങ്ങിയിട്ടുള്ളത്. ഇതിന് 2017 മുതലുള്ള ജി.എസ്.ടി. കുടിശ്ശിക അടയ്ക്കണമെന്നാണ് സർക്കാർ നിലപാട്. ഇതോടെ ഇനിമുതൽ ഏകീകൃത പ്രവേശനത്തിനില്ലെന്ന് അസോസിയേഷനുകൾ വ്യക്തമാക്കുകയായിരുന്നു.ഇത് വ്യാപക മെറിറ്റ് അട്ടിമറിക്കും കോഴയ്ക്കും കാരണമാകുമെന്ന് ആരോപണം ഉയർന്നതോടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.പ്രശ്നപരിഹാരത്തിന് വ്യാഴാഴ്ച ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മാനേജ്‌മെന്റ് അസോസിയേഷനുകളുമായും വ്യക്തിഗത മാനേജ്‌മെന്റുകളുമായും ചർച്ച നടത്തിയത്.അസോസിയേഷന്റെയും മറ്റ് മാനേജ്‌മെന്റുകളുടെയും അഭിപ്രായം സർക്കാരിനെ അറിയിച്ച് തീരുമാനം അറിയിക്കാമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. പ്രവേശനം സുതാര്യമായിരിക്കണമെന്ന് മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.