മഅ്‌ദനിയുടെ വീട്ടിൽ മോഷണം; ഹോം നഴ്‌സ് അറസ്‌റ്റിൽ
അബ്ദുൾ നാസർ മഅ്‌ദനിയുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ഹോം നഴ്‌സ് അറസ്‌റ്റിൽ.

കൊച്ചി : പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്‌ദനിയുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ഹോം നഴ്‌സ് അറസ്‌റ്റിൽ. തിരുവനന്തപുരം പാറശാല സ്വദേശി റംഷാദിനെയാണ് എളമക്കര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കലൂര്‍ കറുകപ്പിള്ളിയിലെ വീട്ടിൽനിന്ന് 37 ഗ്രാം ആഭരണങ്ങളും 7500 രൂപയുമാണ് മോഷ്ടിച്ചത്. കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച സ്വര്‍ണവും പണവും മോഷണം പോയതായി ഞായറാഴ്‌ചയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മഅ്‌ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസിൽ പരാതി നൽകി.
വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം നഴ്‌സായ റംഷാദിനെ കസ്‌റ്റഡിയിലെടുത്ത്. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിവിധ സ്‌റ്റേഷനുകളിലായി റംഷാദിനെതിരെ 30 മോഷണക്കേസുകളുണ്ട്.