വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനുള്ള സ്‌ക്വാഡ് പരിശോധന ആരംഭിച്ചു
കാസർഗോഡ് : മാലിന്യ സംസ്‌കരണ രംഗത്തെ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബേക്കല്‍ കോട്ടയും പരിസരവും പരിശോധിച്ചു. ബേക്കല്‍ കോട്ട റോഡിലെ കഫേകളുടെ ഉടമകള്‍ക്ക് മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന് 5000 രൂപ വീതം തല്‍സമയ പിഴ ചുമത്തി. കോട്ടയുടെ അകവും പരിസരവും വൃത്തിയായി പരിപാലിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രത്യേകം ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോട്ടയുടെ പ്രവേശന കവാടം മുതല്‍ പ്രധാന റോഡ് വരെയുള്ള ഭാഗങ്ങള്‍ മാലിന്യമില്ലാതെ സൂക്ഷിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സ്റ്റാഫ് അംഗങ്ങളും ഉണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് കടകളുടെ മുന്നില്‍ ബിന്നുകള്‍ സൂക്ഷിക്കാത്ത കടയുടമകള്‍ക്ക് പിഴ ചുമത്തുന്നതിന് ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ഉപയോഗ ജലം പൊതുസ്ഥലത്തേക്ക് ഒഴുക്കി വിട്ടതിന് പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്‌സ് ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
പരിശോധനയില്‍ സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, പള്ളിക്കര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോണ്‍സ് കുര്യാക്കോസ്, സ്‌ക്വാഡ് അംഗം ഫാസില്‍ ഇ കെ എന്നിവര്‍ പങ്കെടുത്തു.