വ്യവസായ വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇനി രണ്ടു രണ്ടു നാൾ കൂടി മാത്രം
വർഷങ്ങളായി വായ്പാ തിരിച്ചടവ് മുടങ്ങി മുതലും പലിശയും പിഴപ്പലിശയുമായി വലിയ തുക കുടിശ്ശിയായവർക്ക് വലിയ ഇളവുകളോടെ ഇപ്പോൾ കുടിശ്ശിക തീർക്കാവുന്നതാണ്.
മലപ്പുറം :ജില്ലയിലെ വ്യവസായ സംരംഭകർക്ക് ആശ്വാസം നൽകിക്കൊണ്ട് നടപ്പിലാക്കി വരുന്ന വ്യവസായ വകുപ്പിൻ്റെ മാർജിൻ മണി വായ്പ - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സെപ്റ്റംബർ പത്താം തീയതിയോടെ അവസാനിക്കുന്നു. സംരംഭകർക്ക് വ്യവസായ വകുപ്പിൽ നിന്നും മുൻകാലത്ത് അനുവദിച്ചിരുന്ന മാർജിമണി വായ്പ കുടിശ്ശികയായവർക്കാണ് സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വർഷങ്ങളായി വായ്പാ തിരിച്ചടവ് മുടങ്ങി മുതലും പലിശയും പിഴപ്പലിശയുമായി വലിയ തുക കുടിശ്ശിയായവർക്ക് വലിയ ഇളവുകളോടെ ഇപ്പോൾ കുടിശ്ശിക തീർക്കാവുന്നതാണ്. പിഴപ്പലിശ പൂർണമായും എഴുതിത്തള്ളുകയും പലിശയിനത്തിൽ വലിയ ഇളവുകളും പദ്ധതിപ്രകാരം അനുവദിക്കുന്നുണ്ട്. കുടിശ്ശിക ഒടുക്കാത്തതിനാൽ റവന്യൂ റിക്കവറി നേരിടുന്ന സംരംഭകർക്കും വില്ലേജിൽ ഒടുക്കിയ തുക കഴിച്ച് ബാക്കി മാത്രം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഒടുക്കിയാൽ മതിയാകും എന്ന പ്രത്യേകതയുമുണ്ട്.11/06/2024 ന് പ്രാബല്യത്തിൽ വന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ജില്ലയിൽ കുടിശ്ശികക്കാരായ സംരംഭകരിൽ നിന്നും ഉണ്ടായിരിക്കുന്നത്. 200 ഓളം വായ്പകൾ കുടിശ്ശികയായതിൽ ഇതുവരെ 49 പേർ വലിയ ആനുകൂല്യങ്ങളോട് കൂടി കുടിശിക പൂർണ്ണമായി തീർക്കുകയും ചെയ്തിട്ടുണ്ട്. ആകെ ₹115 ലക്ഷം രൂപയുടെ കുടിശിക സർക്കാറിലേക്ക് ഒടുക്കേണ്ടിയിരുന്നത് ₹51 ലക്ഷം രൂപ മാത്രം ഒടുക്കിയാണ് വായ്പകൾ തീർപ്പാക്കിയിട്ടുള്ളത്. ഇതു വഴി 64 ലക്ഷം രൂപയുടെ ആനുകൂല്യം സംരംഭകർക്ക് ലഭിക്കുകയുണ്ടായി.വായ്പയെടുത്ത സംരംഭകർ ജീവിച്ചിരിപ്പില്ലാത്തതും സംരംഭത്തിന്റെ ആസ്തികൾ നിലവിലില്ലാത്തതുമായ സാഹചര്യത്തിൽ പദ്ധതി പ്രകാരം കുടിശ്ശിക പൂർണ്ണമായും എഴുതിത്തള്ളുന്നതാണ്. ആയതിന് കുടിശ്ശികക്കാരന്റെ അവകാശികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പദ്ധതി സെപ്റ്റംബർ 10ന് അവസാനിക്കുന്നതിനാൽ ഇനിയും കുടിശ്ശിക തീർപ്പാക്കാനുള്ള മുഴുവൻ സംരംഭകരും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ജനറൽ മാനേജർ അറിയിച്ചു.