രാജ്യം ഒപ്പമുണ്ട്; കേന്ദ്രത്തിന് സാധിക്കുന്ന എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി
രാജ്യം ഒപ്പമുണ്ട്;പ്രധാനമന്ത്രി
വയനാട് : ഉരുള്‍പൊട്ടല്‍ ദുരിതത്തിലുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.കേന്ദ്രത്തിന് സാധിക്കുന്ന എല്ലാ സഹായവും വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തകര്‍ന്ന വീടുകളുടെ എണ്ണം, എത്ര നാശനഷ്ടം ഉണ്ടായി, ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെ വിശദ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടം തന്റെ ഓഫീസിന് നല്‍കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സഹായം പ്രഖ്യാപിക്കും മുമ്പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ് ഇത്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസമല്ലെന്നും സഹായം ലഭ്യമാക്കുമെന്നും കളക്ടേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.
നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞത്. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ദുരന്തം സംബന്ധിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ അവലോകന യോഗത്തില്‍ പ്രധാനമന്ത്രിക്ക് മുന്‍പില്‍ വിശദീകരിച്ചു. പ്രാഥമിക വിവരങ്ങള്‍ ഉള്‍പ്പെട്ട നിവേദനം മുഖ്യമന്ത്രി കൈമാറി.കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും പ്രാഥമികസഹായവും ദീര്‍ഘകാല സഹായവും വയനാടിന് ആവശ്യമാണെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു
ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു