സംസ്ഥാനത്ത് പരസ്യ പ്രചാരണം നാളെ അവസാനിക്കും; വോട്ട് ചോർച്ച തടയാൻ തന്ത്രങ്ങളുമായി മുന്നണികൾ
സംസ്ഥാനത്ത് പ്രചാരണത്തിന് ബുധനാഴ്ച തിരശ്ശീല വീഴുമ്പോൾ സർവ തന്ത്രങ്ങളുമെടുത്ത് ജനവിധി അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രചാരണത്തിന് ബുധനാഴ്ച തിരശ്ശീല വീഴുമ്പോൾ സർവ തന്ത്രങ്ങളുമെടുത്ത് ജനവിധി അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ.ദേശീയ രാഷ്ട്രീയവും സംസ്ഥാന സർക്കാറിന്‍റെ നടപടികളുമാണ് പ്രചാരണത്തിൽ നിറഞ്ഞത്. ബി.ജെ.പി സർക്കാർ നടപടികളിൽ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണ്. സി.എ.എയും മണിപ്പൂരും സജീവ വിഷയങ്ങളാണ്. പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗം സംസ്ഥാനത്തെ പ്രചാരണ രംഗത്തും മുഖ്യവിഷയമായി. സാഹചര്യം അനുകൂലമാക്കാൻ യു.ഡി.എഫും ഇടതും കിണഞ്ഞ് ശ്രമിക്കുന്നു.
ദേശീയതലത്തിൽ ഇവ ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും കടുത്ത വിമർശനം പരസ്പരം നടത്തുന്നത് ഈ വോട്ട് ചോർച്ചക്ക് തടയിടാനാണ്. ദേശീയ തലത്തിൽ ഒന്നാംഘട്ടത്തിൽ ബി.ജെ.പിക്ക് പലയിടത്തും ക്ഷീണമുണ്ടാകുമെന്ന വാർത്തകൾ കേരളത്തിൽ അനുകൂലമാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ കടുത്ത മത്സരമാണുള്ളത്. ട്വന്‍റി ട്വന്‍റി നേടുന്ന വോട്ടുകളുടെ തോത് ചാലക്കുടിയിൽ നിർണായകമാണ്. യാക്കോബായ സഭ ഇടതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും ശക്തമായ ത്രികോണ മത്സരം നടക്കുന്നു.13 സീറ്റ് യു.ഡി.എഫ് വൃത്തങ്ങൾ ഉറപ്പിക്കുന്നു. മറ്റ് അഞ്ചിലധികം മണ്ഡലങ്ങളിൽ വിജയം സാധ്യമാകുമെന്നാണ് അവരുടെ പ്രതീക്ഷ. 20 ഉം നേടുമെന്നാണ് നേതാക്കളുടെ പരസ്യനിലപാട്. കടുത്ത മത്സരമുള്ള കണ്ണൂരിൽ സ്ഥിതി മെച്ചപ്പെട്ടെന്നും വടകര അനുകൂലമായെന്നുമാണ് യു.ഡി.എഫ് വിലയിരുത്തൽ.