ധർമശാലയിൽ സ്കൂട്ടർ അപകടത്തിൽ വിദ്യാർഥി മരിച്ചു; സഹപാഠിക്ക് പരിക്ക്
ധർമശാല : കോളേജിലേക്കുള്ള യാത്രക്കിടെ സ്കൂട്ടർ അപകടത്തിൽ വിദ്യാർഥി മരിച്ചു. സഹപാഠിക്ക് ഗുരുതര പരിക്ക്. അഞ്ചാംപീടിക ആംസ്റ്റക് കോളേജ് യൂണിയൻ ചെയർമാൻ ചേലേരിയിലെ അബു സമദ് മഹലിലെ പി സി മുഹമ്മദ് (19) ആണ് മരിച്ചത്. ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർഥിയാണ്.
രാവിലെ 9.20ന് ധർമശാല കണ്ണപുരം റോഡിൽ കല്യാശേരി വീവേഴ്സ് സൊസൈറ്റിക്ക് സമീപത്താണ് അപകടം. കോളേജിലേക്ക് പോകുന്നതിനിടെ എതിർഭാഗത്തു നിന്നും വരികയായിരുന്ന ഗുഡ്സ് ഓട്ടോയിലിടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദിനെ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന കൊളച്ചേരിയിലെ സൽമാനാ(19)ണ് ഗുരുതര പരിക്കേറ്റത്. ബികോം രണ്ടാംവർഷ വിദ്യാർഥിയാണ്. സൽമാനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.