പാലക്കാട് ജില്ലയിൽ മുദ്രപത്ര ക്ഷാമം രൂക്ഷം
കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ളതുമായ 50, 100 രൂപ തുടങ്ങിയ മുദ്രപത്രങ്ങളാണ് കിട്ടാനില്ലാതായത്
പാലക്കാട്: ജില്ലയിൽ മുദ്രപത്ര ക്ഷാമം രൂക്ഷം. കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ളതുമായ 50, 100 രൂപ തുടങ്ങിയ മുദ്രപത്രങ്ങളാണ് കിട്ടാനില്ലാതായത്. ജില്ലാ ട്രഷറിയിലുള്ള സ്റ്റാമ്പ് ഡിപ്പോയിൽ ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ തീർന്നതാണ് ക്ഷാമത്തിന് കാരണമായത്.50 രൂപയാണ് ഇപ്പോൾ കുറഞ്ഞ മുദ്രപ്പത്രവില. ഇത് കിട്ടാതായിട്ട് കുറേയായി. 100 രൂപയുടേത് ഒരാഴ്ചമുമ്പുവരെ ലഭ്യമായിരുന്നെന്ന് ട്രഷറി അധികൃതർ പറയുന്നു. ഇപ്പോൾ രണ്ടും ജില്ലയിൽ തീരേ ലഭ്യമല്ല. 50 രൂപയുടെ മുദ്രപ്പത്രം അടുത്താഴ്ചയോടെ ജില്ലാ ട്രഷറിയിലെത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 50 രൂപയുടെ മൂന്നുലക്ഷം മുദ്രപ്പത്രം വേണമെന്നാണ് തിരുവനന്തപുരത്തെ സെൻട്രൽ ഡിപ്പോയോട് ആവശ്യപ്പെട്ടിട്ടുള്ളത്.തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മുദ്രപത്രങ്ങൾ എത്തുന്നത്. വിൽപന നടത്തുന്ന സ്റ്റാമ്പ് വെണ്ടർമാർക്കും സബ് ട്രഷറികളിലേക്കും മുദ്രപത്രം വിതരണം ചെയ്യുന്നത് ജില്ലാ ട്രഷറിയിലുള്ള ജില്ലാ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ്.