ട്വന്റി- 20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ശ്രീലങ്കയെ രണ്ടുവിക്കറ്റിനു തകർത്ത് ബംഗ്ലാദേശ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. പത്തും നിസങ്ക (47) ആണ് ടോപ് സ്കോറർ
ടെക്സസ്: ട്വന്റി- 20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ശ്രീലങ്കയെ രണ്ടുവിക്കറ്റിനു തകർത്ത് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം 19 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. പത്തും നിസങ്ക (47) ആണ് ടോപ് സ്കോറർ. അഖില ധനഞ്ജയ 21 റൺസും ചരിത് അസലങ്ക 19 റൺസുമെടുത്തു. ഒരു ഘട്ടത്തിൽ മൂന്നിന് 70 എന്ന നിലയിലായിരുന്ന ലങ്കയ്ക്ക് പിന്നീട് 23 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി. ഇതോടെ ഒമ്പതിന് 124 റൺസെന്ന നിലയിൽ ലങ്കയുടെ യാത്ര അവസാനിച്ചു.മൂന്നുവിക്കറ്റ് വീതമെടുത്ത മുസ്താഫിസുർ റഹ്മാനും റിഷാദ് ഹുസൈനുമാണ് ലങ്കൻ ബാറ്റിംഗ് നിരയെ വരിഞ്ഞുമുറുക്കിയത്. ടസ്കിൻ അഹമ്മദ് രണ്ടും തൻസിം ഹസൻ സാക്കിബ് ഒരു വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 28 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ലിട്ടൺ ദാസും (36) തൗഹിദ് ഹൃദോയിയും (40) തകർത്തടിച്ചതോടെ ബംഗ്ലാദേശ് വിജയം മണത്തു.എന്നാൽ അടുത്തടുത്ത് ഇരുവരെയും പുറത്താക്കി വനീന്ദു ഹസരങ്ക ലങ്കയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ഒരുഘട്ടത്തിൽ മൂന്നിന് 91 റൺസെന്ന നിലയിലായിരുന്ന ബംഗ്ലാദേശ് 18-ാം ഓവറിൽ എട്ടിന് 113 എന്ന നിലയിലായി.അവസാന രണ്ടോവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ 11 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ദാസുന്‍ ശനക എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ പന്ത് സിക്സിന് പറത്തി മഹ്മദുള്ള വിജയലക്ഷ്യം അഞ്ചായി കുറച്ചു. തുടർന്ന് അനായാസം മഹ്മദുള്ള (16) ബംഗ്ലാദേശിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.ലങ്കയ്ക്കു വേണ്ടി നുവാൻ തുഷാര 18 റൺസ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തി. വനിന്ദു ഹസരങ്ക രണ്ടും ധനഞ്ജയ ഡിസിൽവ, മതീഷ് പതിരണ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.