ഏകീകൃത പെൻഷൻ പദ്ധതി 62000 ലധികം ജീവനക്കാർക്ക് ഗുണം ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ
62000 ലധികം ജീവനക്കാർക്ക് ഗുണം ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ
കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ഏകീകൃത പെൻഷൻ പദ്ധതി, ദക്ഷിണ റെയിൽവേയിലെ 62267 ജീവനക്കാർക്ക് ഗുണം ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേ ചീഫ് പേഴ്‌സണൽ ഓഫീസർ ശ്രീ കെ ഹരികൃഷ്ണൻ, പ്രിൻസിപ്പൽ ഫിനാൻഷ്യൽ അഡ്വൈസർ ശ്രീമതി മാളവിക ഘോഷ് മോഹൻ എന്നിവർ ഓൺലൈനായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പഴയ പെൻഷൻ പദ്ധതി സുസ്ഥിരമല്ലെന്നും, അത് ദീർഘ കാലയളവിലേക്ക് അനുയോജ്യമല്ലെന്നും ശ്രീമതി മാളവിക ഘോഷ് മോഹൻ പറഞ്ഞു. ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കാൻ ദക്ഷിണ റെയിൽവേയ്ക്ക് 240 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരുമെന്നും അവർ അറിയിച്ചു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 7487 ജീവനക്കാർക്ക് ഏകീകൃത പെൻഷന്റെ പ്രയോജനം ലഭിക്കുമെന്ന് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീമതി വിജി എം. ആർ. അറിയിച്ചു. 2352 പേർ പഴയ പെൻഷൻ പദ്ധതിയിലാണ് ഉൾപ്പെട്ടിട്ടുണ്ട്. പുതിയ പെൻഷൻ പദ്ധതിയിലൂടെ തിരുവനന്തപുരം ഡിവിഷനിൽ ഏകദേശം 30 കോടി രൂപയോളം അധികമായി ചെലവഴിക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.എല്ലാ തൊഴിലാളി യൂണിയനുകളും പദ്ധതിയെ സ്വാഗതം ചെയ്തതായും, ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതിയെ കുറിച്ച് ബോധവത്കരണം നടത്തുമെന്നും ശ്രീമതി വിജി എം. ആർ. പറഞ്ഞു. സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ ശ്രീമതി മീര വിജയരാജ്, സീനിയർ ഡിവിഷൻ പേർസണൽ ഓഫീസർ ശ്രീ വിപിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.