റോഡുകളിൽ തിരക്കേറിയതോടെ സ്കൂൾ ബസുകളുടെയടക്കം സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്
ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്കിടയാക്കുമെന്നും റോഡിൽ വാഹനമിറക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുന്നു

തൊടുപുഴ: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ രാവിലെയും വൈകിട്ടും റോഡിൽ വാഹനങ്ങളുടെ തിരക്ക് കൂടുകയാണ്. കുരുന്നു കുട്ടികളടക്കം വാഹനങ്ങളിലും കാൽനടയായുമൊക്കെ സ്കൂളിലേക്ക് സഞ്ചരിക്കുമ്പോൾ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്കിടയാക്കുമെന്നും റോഡിൽ വാഹനമിറക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുന്നു.സ്കൂള്‍ തുറക്കലിന് മുൻപ് തന്നെ വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ജില്ലയിലെ എല്ലാ സ്കൂള്‍ വാഹനങ്ങളുടെയും പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാ ദിവസങ്ങളിലും സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലുമടക്കം വാഹന പരിശോധന തുടരുന്നുണ്ട്.സ്കൂള്‍ മേഖലയില്‍ പരമാവധി മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നുണ്ടോ എന്നതടക്കമുള്ള പരിശോധനകൾ നടന്നു വരുന്നുണ്ടെന്നും സ്കൂൾ വാഹനങ്ങളും മറ്റ് വാഹന ഡ്രൈവർമാരും റോഡിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ കൾശനമായി പാലിക്കണമെന്നും വകുപ്പ് നിർദേശം നൽകുന്നു. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് വിദ്യാ വാഹൻ എന്ന ആപ് സജ്ജമാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം