'സേവ് എനർജി സേവ് എർത്ത്': എനർജി ഓഡിറ്റിങ്ങ് ശിൽപ്പശാലക്ക് തുടക്കം
തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക്ക് കോളേജിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപ്പശാല കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മലപ്പുറം : കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നാഷണൽ സർവ്വീസ് സ്‌കീം ടെക്‌നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് വോളണ്ടിയർമാക്ക് 'സേവ് എനർജി സേവ് എർത്ത്' എന്ന പേരിൽ നടത്തുന്ന എനർജി ഓഡിറ്റിങ്ങ് ശിൽപ്പശാലക്ക് തുടക്കമായി. തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക്ക് കോളേജിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപ്പശാല കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര മുഖ്യാതിഥിയായി.
സർവ്വീസ് ടെക്‌നിക്കൽ സെല്ലിലെ വിവിധ യൂണിറ്റുകളുടെ പരിധിയിൽ വരുന്ന വീടുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഊർജ്ജ സംരക്ഷണവും എനർജി ഓഡിറ്റിങ്ങും ലക്ഷ്യമിട്ടുള്ള ക്യാംപയിന് മുന്നോടിയായാണ് ശിൽപ്പശാല നടത്തുന്നത്.
അദ്യഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വൈദ്യുതി സുരക്ഷാ പരിശോധനയും അനുബന്ധ എനർജി ഓഡിറ്റിങും നടത്താനാണ് ഉദ്ദേശിക്കുന്നത്.
പരിപാടിയിൽ സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ടെക്‌നിക്കൽ സെൽ കോഡിനേറ്റർ ജയൻ പി. വിജയൻ, ആർ.ആർ.ടി കോഡിനേറ്റർ പ്രസൂൺ മംഗലത്ത്, വൈദ്യുത ഭവൻ അസി. എക്‌സിക്യുട്ടീവ് എഞ്ചിനിയർ സെബിൻ ജോയ്, പ്രിൻസിപ്പൾ ഇൻ ചാർജ് കെ ബഷീർ, ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ്, കമ്പ്യൂട്ടർ വിഭാഗം മേധാവി മുഹമ്മദ് ടി.എ സിയാദ്, ഐ.ഇ.ഡി.സി ഓഫീസർ എസ് .എസ് ഹാഷിം, ഐ.ഐ.സി കോർഡിനേറ്റർ ടി.പി ജാസിർ, ഇ.എം.സി റിസോഴ്‌സ് പേഴ്‌സൺ കെ.ആർ രാജീവ്, കെ.എം.പി അഷോക്, ഡെല്ലാ ഡേവിഡ്, കെ.എ കാദർ, ഡോ. നിസാം റഹ്‌മാൻ, എം. ശ്യാം കൃഷ്ണ, എൻ.എസ്.എസ് മലപ്പുറം ജില്ലാ കോർഡിനേറ്റർ ഇ.ആർ അൻവർ സുലൈമാൻ, പ്രോഗ്രാം ഓഫീസർ ജംഷിദ് എം.ടി എന്നിവർ സംസാരിച്ചു. ശിൽപ്പശാല നാളെ (ശനി) സമാപിക്കും.