സർഗോത്സവം 2025: സംസ്ഥാനത്ത്മൂന്നാം സ്ഥാനം നേടിയ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കണ്ണൂരിൽ നടന്ന സർഗോത്സവത്തിൽ മികച്ച വിജയം കൈവരിച്ച നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. സർഗോത്സവത്തിൽ 119 പോയിന്റ് നേടി സ്കൂൾ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 21 മത്സര ഇനങ്ങളിലായി 43 വിദ്യാർത്ഥികൾ സ്‌കൂളിൽ നിന്നും സർഗോത്സവത്തിൽ പങ്കെടുത്തത്. ആർ. ജി. എം.ആർ. എച്ച്. എച്ച്. സ്കൂളിൽ നടന്ന അനുമോദന പരിപാടി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. കലാ-കായിക മേഖലകളിൽ മികവ് തെളിയിക്കുന്നതിനോടൊപ്പം പഠനരംഗത്തും ഉയർന്ന നിലവാരം വിദ്യാർത്ഥികൾ കാഴ്ചവയ്ക്കണമെന്ന് കളക്ടർ പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ, മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, ആശ്രമം സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച കലാമത്സരമാണ് സർഗോത്സവം. മത്സരത്തിൽ പരമ്പരാഗത ഗോത്ര ഗാനത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ആശ്രമം സ്‌കൂൾ വിദ്യാർഥികൾ നേടി. പരമ്പരാഗത നൃത്തം, സംഘഗാനം, സംഘനൃത്തം, നാടകം തുടങ്ങിയ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. ജലഛായം, നാടകം-മികച്ച നടൻ (പ്രത്യേക ജൂറി പരാമർശം), ലളിതഗാനം, നാടോടി നൃത്തം, കവിത പാരായണം, മോണോ ആക്ട്, മിമിക്രി, പെൻസിൽ ഡ്രോയിങ്, ഉപന്യാസം, കവിത രചന തുടങ്ങിയ വ്യക്തിഗത മത്സര ഇനങ്ങളിലിൽ മിന്നും പ്രകടനമാണ് വിദ്യാർഥികൾ കഴിച്ചവെച്ചത്. ജില്ലയിലെ എം. ആർ. എസ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂളാണ് ആർ. ജി. എം.ആർ. എച്ച്. എച്ച്. എസ്.
ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ ജി. പ്രമോദ്, അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീകല, സ്കൂൾ പ്രിൻസിപ്പാൾ ഉണ്ണി കൃഷ്ണൻ, പ്രധാന അധ്യാപിക ബിന്ദു രാജ്, സീനിയർ സൂപ്രണ്ട് ജോഷി മോൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ജയശ്രീ,സ്കൂൾ അധ്യാപിക പർവീൻ ഫാത്തിമ, അധ്യാപകർ എന്നിവർ പങ്കെടുത്തു.


