പത്ത് ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മലപ്പുറം ജില്ലയിൽ രണ്ട് മരണം
വളാഞ്ചേരി ഇരിമ്പിളിയത്ത് 61കാരിയും വേട്ടേക്കാടിൽ 65കാരിയുമാണ് മരിച്ചത്.
മലപ്പുറം: പത്ത് ദിവസത്തിനിടെ എലിപ്പനി ബാധിച്ച് ജില്ലയിൽ രണ്ട് മരണം. വളാഞ്ചേരി ഇരിമ്പിളിയത്ത് 61കാരിയും വേട്ടേക്കാടിൽ 65കാരിയുമാണ് മരിച്ചത്. മൺസൂണിന് പിന്നാലെ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ പനി ഉണ്ടായാൽ ഉടനെ വിദഗ്ദ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ ആറ് പേരെ എലിപ്പനി രോഗ ലക്ഷണങ്ങളോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 39 പേരെ ഡെങ്കി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 11 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലയോര, നഗര വ്യത്യാസമില്ലാതെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ ഡെങ്കിയും എലിപ്പനിയും സ്ഥിരീകരിക്കുന്നുണ്ട്.ജില്ലയിൽ കൊതുകുജന്യ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകളുടെ വർദ്ധനവിന് സഹായിക്കുന്നുണ്ട്. ഉറവിട നശീകരണം വഴി കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും പരിസര ശുചീകരണത്തിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.