ശബരിപാത: അടിയന്തര യോഗം വിളിക്കണം- സംസ്ഥാന ഫെഡറേഷൻ
Sabaripatha: Urgent meeting should be called - state federation
തൊടുപുഴ: ശബരിപാതയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകുന്നതും നിർമാണം പുനരാരംഭിക്കുന്നതും ചർച്ച ചെയ്യാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, എംപിമാർ, എംഎൽഎമാർ എന്നിവരെ പങ്കെടുപ്പിച്ച് അടിയന്തര യോഗം ചേരാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ പാതയുടെ പകുതി ചെലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവുവഴിയും കത്തുകൾവഴിയും മൂന്നു തവണ റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും നിർമാണത്തിന് മുൻഗണന നൽകണമെന്ന് കേരളത്തിൽനിന്നുള്ള 26 എംപിമാർ റെയിൽവേ മന്ത്രിക്ക് സംയുക്ത നിവേദനം നൽകിയിട്ടും ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതിനാലാണ് പാതയുടെ നിർമാണം പുനരാരംഭിക്കാത്തതെന്നാണ് എംപിമാർ ചേർന്ന് നിവേദനം നൽകിയപ്പോൾ വ്യക്തമാക്കിയത്. 26 വർഷം മുൻപ് പദ്ധതിക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങൾ വിൽക്കാനോ ബാങ്ക് വായ്പ ലഭ്യമാക്കാനോ സാധിക്കാതെ ഭൂ ഉടമകൾ നാളുകളായി ദുരിതം അനുഭവിക്കുകയാണ്.
കേരളത്തിലെ ജനങ്ങൾ ഏറെക്കാലമായി കാത്തിരിക്കുന്ന ശബരിപാത യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടികളുണ്ടാകണം. നിർമാണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെ യോഗം വിളിക്കാമെന്ന് റെയിൽവേ മന്ത്രി പറയുന്നതല്ലാതെ ഇക്കാര്യത്തിൽ തുടർനടപടികളുണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ റെയിൽവേ മന്ത്രിയെ പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേർക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം.ശബരിപാതയുടെ നിർമാണം പുനരാരംഭിക്കണമെന്നും ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ച പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട എംപിമാരെ യോഗം അഭിനന്ദിച്ചു.
ശബരി റെയിൽവേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷൻ യോഗത്തിൽ ഭാരവാഹികളായ ഡിജോ കാപ്പൻ, മുൻ എംഎൽഎ ബാബു പോൾ, ജിജോ പനച്ചിനാനി, ഗോപി കോട്ടമുറി, അഡ്വ. സി.കെ. വിദ്യാസാഗർ, പി.എം. ഇസ്മായിൽ, പി.എ. സലിം, അനിയൻ എരുമേലി, എ.കെ. ചന്ദ്രമോഹൻ, അഡ്വ. ആർ. മനോജ് പാലാ, അജി ബി. റാന്നി, ദിപു രവി, അയ്യപ്പൻ നായർ, ജയ്സണ്‍ മാന്തോട്ടം, സജി കുടിയിരിപ്പിൽ, ടോമിച്ചൻ ഐക്കര, അഡ്വ. ഇ.എ. റഹിം, അഡ്വ. ശരണ്‍ രവീന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു