ശബരിമലയില്‍ നവഗ്രഹ പ്രതിഷ്ഠ 13ന്: ഇന്ന് നട തുറക്കും

പത്തനംതിട്ട: പുതുതായി നിര്‍മിച്ച നവഗ്രഹ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. 12ന് പതിവുപൂജകള്‍ നടക്കും. 13ന് രാവിലെ 11നും 12നും മധ്യേയുള്ള അഭിജിത് മുഹൂര്‍ത്തത്തില്‍ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍.
ചെങ്ങന്നൂര്‍ തട്ടാവിള ടി.എസ്. മഹേഷ് പണിക്കരുടെ നേതൃത്വത്തില്‍ മാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ കിഴക്കുവടക്കു ഭാഗത്തായി, നവഗ്രഹ ക്ഷേത്ര നിര്‍മാണത്തിന്റെ അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയായി. നാഗര്‍കോവിലില്‍ നിന്നും എത്തിച്ച 12 ടണ്‍ ഭാരമുള്ള നാല് കൃഷ്ണശിലകള്‍ ഉപയോഗിച്ചാണ് പഞ്ചവര്‍ഗതറയും പീഠവും നിര്‍മിച്ചിട്ടുള്ളത്. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ പോലെ നാഗബന്ധ പൂട്ടു കൊണ്ടാണ് പഞ്ചവര്‍ഗതറയില്‍ നിന്നുള്ള നാലു തൂണുകളും നിര്‍മിച്ചിട്ടുള്ളത്. 28 കഴുക്കോലുകളാണ് ക്ഷേത്രത്തിനുള്ളത്. ഇതില്‍ 27 എണ്ണം നക്ഷത്രങ്ങളെയും ശേഷിച്ച ഒരെണ്ണം മകരവിളക്കിന്റെ മുഹൂര്‍ത്തം കണക്കാക്കുന്ന അഭിജിത് നക്ഷത്രത്തെയും സൂചിപ്പിക്കുന്നു. ക്ഷേത്ര ശ്രീകോവിലിന് മുകളില്‍ നാല് ദിക്കുകളിലേക്കും മുഖപ്പുകള്‍ ഉണ്ട്. ഋഷി രൂപങ്ങളാണ് മുഖപ്പുകളുടെ പ്രത്യേകത. ഇവ നാല് ഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കിഴക്ക് സൂര്യന്‍, പടിഞ്ഞാറ് ശനി, വടക്ക് വ്യാഴം, തെക്ക് ചൊവ്വ എന്നീ ഗ്രഹങ്ങളുടെ പ്രതിരൂപങ്ങളാണ് ഋഷി രൂപങ്ങള്‍