കേന്ദ്ര ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവർക്കുള്ള 71,000-ത്തിലധികം നിയമനപത്രങ്ങൾ തൊഴിൽമേളയുടെ ഭാഗമായി ഡിസംബർ 23നു പ്രധാനമന്ത്രി വിതരണം ചെയ്യും
രാജ്യത്തുടനീളം 45 ഇടങ്ങളിലാണു തൊഴിൽമേള നടക്കുന്നത്
 
                                    ന്യൂഡൽഹി : 2024 ഡിസംബർ 22
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനപത്രങ്ങൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഡിസംബർ 23നു രാവിലെ 10.30നു വിതരണം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണു തൊഴിൽ മേള. രാഷ്ട്രനിർമാണത്തിലും സ്വയംശാക്തീകരണത്തിലും പങ്കാളികളാകാൻ യുവാക്കൾക്കിത് അർഥവത്തായ അവസരങ്ങളേകും.
രാജ്യത്തുടനീളം 45 ഇടങ്ങളിലാണു തൊഴിൽമേള നടക്കുന്നത്. കേന്ദ്രഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണു നിയമനങ്ങൾ. പുതുതായി നിയമിതരാകുന്നവർ രാജ്യമെമ്പാടും ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ് എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ ഭാഗമാകും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            