മുംബൈ ഭൂഗര്‍ഭമെട്രോ 24 മുതല്‍ ഓടിത്തുടങ്ങും
മുംബൈ : നഗരത്തിലെ ആദ്യ ഭൂഗര്‍ഭമെട്രോ 24 മുതല്‍ ഓടിത്തുടങ്ങും.മെട്രോ-മൂന്ന് അല്ലെങ്കില്‍ അക്വാലൈന്‍ എന്നറിയപ്പെടുന്ന ഈ മെട്രോപ്പാത കഫ് പരേഡില്‍നിന്ന് അന്ധേരി സ്വീപ്സ് വഴി ആരെ കോളനിവരെ 33.5 കിലോമീറ്റര്‍ നീളമുള്ളതാണ്. എന്നാല്‍, ആദ്യഘട്ടത്തില്‍ ആരെ കോളനിമുതല്‍ ബി.കെ.സി. വരെ മാത്രമാണ് സര്‍വീസുണ്ടാവുക. ബാക്കിഭാഗം പിന്നീടാണ് തുറക്കുക.മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡിവലപ്മെന്റ് അതോറിറ്റിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ദിവസം 17 ലക്ഷം പേര്‍ക്ക് ഇതില്‍ സഞ്ചരിക്കാന്‍കഴിയും. ഒരേസമയം 3000 പേര്‍ക്ക് സഞ്ചരിക്കാം. 37,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
കഴിഞ്ഞമാസം ആരെ കോളനിമുതല്‍ ദാദര്‍വരെ പരീക്ഷണയോട്ടംനടത്തിയിരുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് 11 വരെയാണ് മെട്രോ ഓടുക. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍വരെ വണ്ടി ഓടും. റോഡുമാര്‍ഗം രണ്ടുമണിക്കൂറിലധികമെടുക്കുന്ന ദൂരം പിന്നിടാന്‍ ഇനി വെറും അന്‍പതുമിനിറ്റ് മതിയാകും.
കഫ് പരേഡ്, വിധാന്‍ ഭവന്‍, ചര്‍ച്ച്ഗേറ്റ്, ഹുതാത്മാ ചൗക്ക്, സി.എസ്.ടി., കല്‍ബാദേവി, ഗിര്‍ഗാവ്, ഗ്രാന്റ് റോഡ്, മുംബൈ സെന്‍ട്രല്‍, മഹാലക്ഷ്മി, സയന്‍സ് മ്യൂസിയം, ആചാര്യ ആത്രെ ചൗക്ക്, വര്‍ളി, സിദ്ധിവിനായക് ക്ഷേത്രം, ദാദര്‍, സിതലാദേവി, ധാരാവി, ബി.കെ.സി., വിദ്യാനഗരി, സാന്താക്രൂസ്, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, സഹര്‍ റോഡ്, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മരോള്‍ നാക്ക, എം.ഐ.ഡി.സി., സ്വീപ്സ്, ആരെ കോളനി എന്നിങ്ങനെ 27 സ്റ്റോപ്പുകളാണിതിനുള്ളത്.