സംസ്ഥാനത്തെ റോഡുവികസനം ഏറ്റവും മെച്ചപ്പെട്ട നിലയില്‍: മന്ത്രി ജി. ആര്‍ അനില്‍
തിരുവനന്തപുരം : ചരിത്രത്തിലില്ലാത്ത വിധം മെച്ചപ്പട്ട റോഡ് വികസനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍ അനില്‍. ഏറ്റവും ആധുനികമായ രീതിയിലേക്ക് ഓരോ റോഡും മാറിയെന്നും മന്ത്രി പറഞ്ഞു. മുക്കോല- പൂവത്തൂര്‍ റോഡിന്റെയും ഉളിയൂര്‍ നാഗരുകാവ് കന്യാകോട് റോഡിന്റെയും നവീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വഴയില - പഴകുറ്റി റോഡിന്റെ വികസനത്തിനായി 1100 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്. മിക്ക ഗ്രാമീണ റോഡുകളും മികച്ച നിലവാരത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് വഴി ഓണത്തിന് ആവശ്യമുള്ള സാധനങ്ങള്‍ ലഭ്യമാക്കും. എല്ലാ വിഷയങ്ങളിലും ജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുക്കോല- പൂവത്തൂര്‍ റോഡിന് 60 ലക്ഷം, ഉളിയൂര്‍ നാഗരുകാവ് കന്യാകോട് റോഡിന് 55 ലക്ഷം എന്നിങ്ങനെയാണ് നവീകരണത്തിനായി അനുവദിച്ചിരിക്കുന്ന തുക. മുക്കോല ജംഗഷനിലും ഉളിയൂരിലുമായി നടന്ന ചടങ്ങുകളില്‍ നെടുമങ്ങാട് നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശ ഭരണ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.