റിജിത്ത് വധം: 9 ആർഎസ്എസുകാർക്കും ജീവപര്യന്തം
കണ്ണപുരം ചുണ്ടയിലെ സിപിഐ എം ബ്രാഞ്ച് കമ്മിറ്റി അംഗം റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി(3) ജഡ്ജി റൂബി കെ ജോസ് ആണ് ശിക്ഷ വിധിച്ചത്

തലശ്ശേരി : കണ്ണപുരം ചുണ്ടയിലെ സിപിഐ എം ബ്രാഞ്ച് കമ്മിറ്റി അംഗം റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി(3) ജഡ്ജി റൂബി കെ ജോസ് ആണ് ശിക്ഷ വിധിച്ചത്. ഈ മാസം 4ന് റിജിത്ത് വധക്കേസിൽ ഒമ്പത് ആർഎസ്‌എസ്–ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാംപ്രതി അജേഷ് വാഹനാപകടത്തിൽ മരിച്ചു.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ(57), കൊത്തില താഴെവീട്ടിൽ ജയേഷ്(41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്(44), പുതിയപുരയിൽ അജീന്ദ്രൻ(51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ(52), പുതിയപുരയിൽ രാജേഷ്(46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്(47), സഹോദരൻ ശ്രീജിത്ത്(43), തെക്കേവീട്ടിൽ ഭാസ്‌കരൻ(67) എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം(302), വധശ്രമം(307), അന്യായമായി സംഘംചേരൽ(143), സംഘം ചേർന്ന് ലഹളയുണ്ടാക്കൽ(147), തടഞ്ഞുവയ്‌ക്കൽ(341), ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ(324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി.