നടന്മാർക്ക് ആശ്വാസം :പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരി
സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചി ല്ല,നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരി

കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ നടി. സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽനിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്‍മാറ്റം. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരായിരുന്നു കേസ്.2009-ലാണ് മുകേഷിനെതിരായ പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്നായിരുന്നു നടിയുടെ മൊഴി. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു ഇടവേള ബാബുവിനെതിരായ പരാതി.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി. ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാള്‍ പറയാതിരുന്നതെന്ന് നടി പറഞ്ഞിരുന്നു.
സെക്രട്ടേറിയേറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്നായെന്നാണ് ജയസൂര്യയ്‌ക്കെതിരായ കേസ്. നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
തനിക്കെതിരായുണ്ടായ പോക്‌സോ കേസ് ആരോപണത്തിലും കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് നടി ചൂണ്ടിക്കാട്ടി.