സ്കൂൾ സമയം എട്ടുമുതൽ ഒരുമണിവരെയാക്കാൻ ശുപാർശ : ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 കുട്ടികൾ മതിയെന്നും നിർദേശം
കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം
 
                                    തിരുവനന്തപുരം : സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു.
ഇതടക്കമുള്ള ശുപാർശകളുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചിലവിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിർദേശിച്ചു.
കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാൻ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈക്രമീകരണത്തിൽ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം.1990-കളിൽ സ്കൂൾസമയം ചർച്ചയായിരുന്നു. പഠനകോൺഗ്രസുകളിലും മറ്റും പഠനസമയം സംവാദവിഷയമായി. കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആർ.) പരിഷ്കരിക്കാൻ നിയോഗിക്കപ്പെട്ട സമിതികളും ഈ ശുപാർശനൽകി. 2007-ൽ മുൻചീഫ് സെക്രട്ടറി സി.പി. നായർ അധ്യക്ഷനായുള്ള സമിതി ഒന്നുമുതൽ പത്തുവരെ ക്ലാസുകാർക്ക് ലൈബ്രറി, ലബോറട്ടറി, സെമിനാർ, പ്രോജക്ട്, സർഗാത്മകം, കായികം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സമയംകണ്ടെത്തണമെന്നും പറഞ്ഞിരുന്നു - ഖാദർ കമ്മിറ്റി ചൂണ്ടിക്കാട്ടി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            