മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം: 13 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
 
                                    തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഉൾപ്പെടുത്തേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നു. ആഗസ്റ്റ് 13-ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെയും ആർ.സി.സി. ഡയറക്ടർ ഡോ. രേഖ എ. നായരുടെയും സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
റീജിയണൽ കാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ചികിത്സാ സഹായത്തിനുള്ള അപേക്ഷകളും, പരാതികളും സമർപ്പിക്കാനുള്ള cmo.kerala.gov.in എന്ന വെബ് പോർട്ടലിൽ ലഭ്യമായിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ പരിശോധിച്ച് ചികിത്സിക്കുന്ന ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകും. ആശുപത്രിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഇ-ഹെൽത്ത് നടപ്പാക്കിയ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് ആപ്ലിക്കേഷൻ മുഖേന മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കാനും അതിന്റെ ആധികാരികത പരിശോധിക്കാനും ഉള്ള സംവിധാനം നിലവിൽ ലഭ്യമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            