ഖത്തർ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ക്വാർട്ടർ ഉറപ്പിച്ചു
തുടർച്ചയായ രണ്ടാം ജയവുമായി ആതിഥേയരായ ഖത്തർ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ക്വാർട്ടർ ഉറപ്പിച്ചു.

ദോഹ: തുടർച്ചയായ രണ്ടാം ജയവുമായി ആതിഥേയരായ ഖത്തർ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ക്വാർട്ടർ ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയെ തകർത്തവർ, രണ്ടാം അങ്കത്തിൽ അറേബ്യൻ പവർഹൗസായ ജോർഡനെയാണ് അവസാന മിനിറ്റുവരെ ആവേശം നീണ്ട മൽസരത്തിനൊടുവിൽ 2-1ന് വീഴ്ത്തിയത്. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നാട്ടുകാരുടെ പിന്തുണയിൽ മാറ്റുരച്ച അന്നാബി യുവസംഘം 40ാം മിനിറ്റിൽ അബ്ദുല്ല അൽ യാസിദിയുടെ ഗോളിൽ ലീഡ് പിടിച്ചു.ഖാലിദ് അലി സബാസ് നൽകിയ ക്രോസിൽ നിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചെത്തിയ ജോർഡൻ 52ാം മിനിറ്റിൽ ആരിഫ് അൽ ഹജിന്റെ പെനാൽറ്റി ഗോളിലൂടെ ഒപ്പമെത്തി. ഇതോടെ കളി വീണ്ടും മുറുകി . കോർണറും ഫ്രീ കിക്കും തീർത്തും മികച്ച മുന്നേറ്റം നടത്തിയും ഇരുവരും അവസരങ്ങൾ സൃഷ്ടിച്ചു. 15 മിനിറ്റിലേക്ക് നീണ്ട ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ മുഹമ്മദ് നാസർ അൽ മാനായി വിജയ ഗോൾ കുറിച്ച് ഖത്തറിന് ക്വാർട്ടർ ഉറപ്പാക്കി.