വായനയിലൂടെ അക്ഷരോന്നതിയിലേക്ക് പദ്ധതി ലോഗോ പ്രകാശനം ചെയ്തു

Jan 8, 2026
വായനയിലൂടെ അക്ഷരോന്നതിയിലേക്ക് പദ്ധതി ലോഗോ പ്രകാശനം ചെയ്തു

ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അക്ഷരോന്നതി പദ്ധതി നടപ്പാക്കുന്നു. പഠനമുറികള്‍, ഹോസ്റ്റലുകളില്‍ വായനാ സൗകര്യമൊരുക്കല്‍, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കല്‍, വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തല്‍, പൊതുജനങ്ങളില്‍ പുസ്തകദാനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പദ്ധതി  ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ് രാഷ്ട്രീയ ഗ്രാം സ്വരാജ്് അഭിയാന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍, ലൈബ്രറികള്‍, പ്രാദേശികതല കൂട്ടായ്മകള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് പുസ്തകങ്ങള്‍ ശേഖരിച്ച് ഗോത്ര മേഖലയില്‍ വായനയ്ക്ക് സൗകര്യമൊരുക്കുന്നത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പദ്ധതി ലോഗോ പ്രകാശനം ചെയ്തു.   എ.ഡി.എം എം. ജെ അഗസ്റ്റിന്‍ അധ്യക്ഷനായ പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ബൈജു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ സുധീര്‍, തദ്ദേശസ്വയംഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ശ്രീജിത്ത്  കരിങ്ങാരി, ആര്‍.ജി.എസ്.എ ജില്ലാ പ്രൊജക്ട് മാനേജര്‍ ജെ.എല്‍ അനീഷ്, ആര്‍.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സ്പര്‍ട്ട് കെ.ആര്‍ ശരത്, ആര്‍.ജി.എസ്.എ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.