മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുവില പ്രദര്‍ശിപ്പിക്കണം:ദേശീയ ഔഷധവിലനിയന്ത്രണസമിതി
വീഴ്ചവരുത്തുന്നവര്‍ക്കെതിരേ അവശ്യവസ്തുനിയമപ്രകാരം നടപടികളെടുക്കുമെന്നുമാണ് മുന്നറിയിപ്പ്

തൃശ്ശൂര്‍ : വില്‍ക്കുന്ന എല്ലാ മരുന്നുകളുടെയും വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണാവുന്നവിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം. ദേശീയ ഔഷധവിലനിയന്ത്രണസമിതിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഔഷധവിലനിയന്ത്രണ നിയമപ്രകാരം നിര്‍ബന്ധമാണെന്നാണ് സമിതി വ്യക്തമാക്കിയിരിക്കുന്നത്.ഓണ്‍ലൈന്‍ ഫാര്‍മസികളടക്കം ഇത് പാലിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ അവശ്യവസ്തുനിയമപ്രകാരം നടപടികളെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. എന്നാലിത് തീരെ പ്രായോഗികമാകില്ലെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു.
നിയമം നിലവിലുണ്ടായിരുന്നെങ്കിലും അപ്രായോഗികമായതിനാലാണ് നടപ്പാക്കാതിരുന്നതെന്ന വാദമാണ് ഉത്തരവിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന ജന്‍ഔഷധികളില്‍പ്പോലും ഇത് നടക്കില്ലെന്നാണ് പറയുന്നത്. നിലവില്‍ കേരളത്തില്‍ രണ്ട് പ്രധാന സോഫ്റ്റ്വേറുകള്‍ വഴിയാണ് മരുന്നുവിതരണം. ഇതില്‍ രണ്ടിലും 80,000-ത്തിലധികം മരുന്നിനങ്ങളുണ്ട്. ഇത്രയുമെണ്ണത്തിന്റെ പട്ടിക പ്രദര്‍ശിപ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്നാണ് ചോദ്യം.
ഇന്ത്യയില്‍ നിലവില്‍ 61 വെബ്സൈറ്റുകളിലൂടെയും 37 മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഇ-ഫാര്‍മസിക്ക് തുല്യമായ ഓണ്‍ലൈന്‍ മരുന്നുവ്യാപാരം നടക്കുന്നതെന്ന് പഠനം. സൈറ്റുകളില്‍ 90 ശതമാനത്തിലും ഡോക്ടര്‍മാരുടെ കുറിപ്പടി ചേര്‍ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.വലിയ വിപണിയായിട്ടും ഇ-ഫാര്‍മസി നിയമം ഇന്ത്യയില്‍ നടപ്പാക്കിയിട്ടില്ല