ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക്: കൊല്ലം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ

പി ഐ ബി പ്രാദേശിക മാധ്യമ ശില്പശാല സംഘടിപ്പിച്ചു

Oct 29, 2024
ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക്: കൊല്ലം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ
PRESS INFORMATION BUREAU
തിരുവനന്തപുരം  : 2024 ഒക്‌ടോബര്‍ 29
 
  
ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി ശ്രീമതി ചൈത്ര തെരേസ ജോൺ. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊല്ലം പ്രസ് ക്ലബുമായി ചേർന്ന് പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്‍പശാല - വാർത്താലാപ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി ചൈത്ര. 
 
മാധ്യമങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്നും സുതാര്യതയും വിവരങ്ങളുടെ കൃത്യമായ ഒഴുക്കും ഉറപ്പുവരുത്താൻ മാധ്യമങ്ങൾ ആവശ്യമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സമൂഹം എന്ന നിലയിൽ നാം ഏതു ദിശയിൽ നീങ്ങണമെന്ന് തീരുമാനിക്കുന്നതിലും മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളത്. മാധ്യമപ്രർത്തകർക്ക് സ്വയം വിലയിരുത്താനും കഴിവുകൾ മെച്ചപ്പെടുത്താനും വാർത്താലാപ് പോലുള്ള ശില്പശാലകൾ സഹായകമാണെന്നും ശ്രീമതി ചൈത്ര തെരേസ ജോൺ കൂട്ടിച്ചേർത്തു.
 
മാധ്യമപ്രവർത്തകർ ഏതെങ്കിലും മേഖലകളിൽ സവിശേഷ പ്രാവീണ്യം നേടാൻ ശ്രമിക്കണമെന്നും, അത് മാധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന  പിഐബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ വി. പളനിച്ചാമി പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ഇഗ്നേഷ്യസ് പെരേരയെ ചടങ്ങിൽ ആദരിച്ചു. പ്രസ് ഇൻഫമേഷൻ ബ്യൂറോയ്ക്കു വേണ്ടി ശ്രീമതി ചൈത്ര തെരേസ ജോൺ ശ്രീ ഇഗ്നേഷ്യസ് പെരേരയ്ക്ക് ഉപഹാരം കൈമാറി. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ വി പാർവതി, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ ഡി. ജയകൃഷ്ണൻ, സെക്രട്ടറി സനൽ ഡി. പ്രേം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
 
വാർത്താ റിപ്പോർട്ടിങ്ങിലെ നിർമിത ബുദ്ധി ഉപയോഗം എന്ന വിഷയത്തിൽ കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജ് പ്രഫസർ ഡോ. ഇംതിയാസ് അഹമ്മദ്, ടൂറിസം രംഗത്തെ സാധ്യതകളും പ്രതിസന്ധികളും എന്ന വിഷയത്തിൽ ടൂറിസം മന്ത്രാലയം അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ എം നരേന്ദ്രൻ, കേന്ദ്ര ഗവൺമെൻ്റ് പദ്ധതികളെ സംബന്ധിച്ച് ശ്രീ പള്ളിപ്പുറം ജയകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പി ഐ ബി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി സംസാരിച്ചു. ആകാശവാണിയെ പ്രതിനിധീകരിച്ച് നീരജ് ലാലും ജില്ലയിലെ കമ്യൂണിറ്റി റേഡിയോ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.  കേന്ദ്ര ​ഗവൺമെന്റ് പദ്ധതിയുടെ ​ഗുണഭോക്താവായ രാഗേഷും അനുഭവങ്ങൾ പങ്കുവെച്ചു.
 
കേന്ദ്ര ഗവൺമന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അറിവ് പകരുക എന്നതാണ് വിവിധ ജില്ലകളിൽ  പിഐബി സംഘടിപ്പിക്കുന്ന ഇത്തരം ശില്പശാലകളുടെ ലക്ഷ്യം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.