ശബരിമല തീർത്ഥാടനം ,ശേഷിക്കുന്ന ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ തീരുമാനം

ഇൻഫർമേഷൻ - പബ്ലിക റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മീഡിയ സെന്റർ മണ്ഡല, മകരവിളക്കു കാലത്ത് സന്നിധാനത്തു പ്രവർത്തിക്കും

Oct 29, 2024
ശബരിമല തീർത്ഥാടനം ,ശേഷിക്കുന്ന ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ തീരുമാനം
SABARIMLA AVALOKANA MEETTING PAMBA
പമ്പ :ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ശേഷിക്കുന്നത് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ പമ്പയിൽ നടന്ന അവലോകന യോഗത്തിൽ നിർദേശം . ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് .
ഈ വർഷം കൂടുതൽ തീർഥാടകർ എത്താനുള്ള സാധ്യത മുൻനിർത്തി കൂടുതൽ വിപുലമായ സൗകര്യങ്ങളാണു സർക്കാർ സജ്ജമാക്കുന്നത്. സുഗമമായ ദർശനത്തിനുള്ള ഏല്ലാക്രമീകരണങ്ങളും സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളിൽ വരെ ഒന്നിലധികം തവണ യോഗം നടന്നു . പമ്പയിൽ ഇത് രണ്ടാം തവണയാണ് അവലോകന യോഗത്തിന് എത്തുന്നത്.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവൻ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ട്.
വിർച്വൽ ക്യൂ സംവിധാനം മികച്ച രീതിയിൽ ഒരുക്കും. പ്രധാന ഇടത്താവളങ്ങളിൽ ഭക്തർക്ക് ബുക്കിങ്ങിനു സൗകര്യമുണ്ടാകും. തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സുരക്ഷിത തീർഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
കാനനപാതകളടക്കം തീർഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുൻനിർത്തി ഇവിടങ്ങളിൽ ആവശ്യമായ താത്കാലിക ടോയ്‌ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ തീർഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
പമ്പയിലും സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കും. വൈൽഡ് വാച്ച് എസ്.എം.എസ്. സംവിധാനം ഇത്തവണയും തുടരും. വാട്ടർ അതോറിറ്റിയുടെ എല്ലാ ജോലികളും ഈ മാസം അവസാനത്തോടെ സജ്ജമാകും. ശുദ്ധജല ലഭ്യതയ്ക്കു പ്രത്യേക കിയോസ്‌കുകൾ സ്ഥാപിക്കും. തീർഥാടന പാതയിൽ പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താത്കാലിക ലാബ് സ്ഥാപിക്കും.
പമ്പയിൽ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജലവിഭവ വകുപ്പ് ഒരുക്കും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്‌നാനഘട്ടങ്ങളിലും കുളിക്കവടുകളിലും പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
തീർഥാടകർക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂർ സംവിധാനങ്ങൾ പ്രവർത്തിക്കും. 15 എമർജിൻസി മെഡിക്കൽ സെന്ററുകൾ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കൽ സംഘത്തെ വിന്യസിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. ഇവരുടെ പരിശീലനവും ഉടൻ ആരംഭിക്കും.
പമ്പയിലേക്കുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. 16 റോഡുകളിൽ നിലവിൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. അഗ്നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. ലഹരി പദാർഥങ്ങൾ കർശനമായി തടയുന്നതിന് വനമേഖലയിലും മറ്റിടങ്ങളിലും എക്‌സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും.
കെ.എസ്. ആർ.ടി.സി. മുൻ വർഷത്തേക്കാൾ മികച്ച സംവിധാനങ്ങൾ ഒരുക്കം. തീർഥാടകർക്കായി ദക്ഷിണ റെയിൽവേ പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും. പരിശോധനയ്ക്കായി താത്കാലിക ലാബുകൾ തുറക്കും. എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷൻ ഉറപ്പാക്കും. കച്ചവടക്കാർക്കും അന്നദാനം നടത്തുന്ന ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകും.
പത്തനംതിട്ടയിലും സമീപ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രത്യേക ശുചിമുറികൾ ഒരുക്കും. അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിന് ക്ലീൻ കേരള കമ്പനിയുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ പ്രത്യേക സൗകര്യമൊരുക്കും. പ്രത്യേക വേസ്റ്റ് കളക്ഷൻ ബിന്നുകൾ സ്ഥാപിക്കും. പമ്പയിലും ശബരിമലയിലും ഓരോ മണിക്കുറിലും മാലിന്യ നീക്കത്തിനുള്ള സംവിധാനം സജ്ജമാക്കും. ഇൻഫർമേഷൻ - പബ്ലിക റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മീഡിയ സെന്റർ മണ്ഡല, മകരവിളക്കു കാലത്ത് സന്നിധാനത്തു പ്രവർത്തിക്കും. തീർഥാടകർക്കായി മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അറിപ്പുകളും ബോധവത്കരണവും ലഘു വിഡിയോകളും തയാറാക്കും.
തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ആവശ്യം. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവർത്തിക്കണം. വിവിധ വകുപ്പുകളുമായുള്ള പ്രവർത്തനങ്ങൾ ദേവസ്വം ബോർഡ് ഏകോപിപ്പിക്കും. തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജനപ്രതിനിധികൾ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.