രാഷ്ട്രപതിക്ക് സന്പൂർണ വീറ്റോ അധികാരമില്ല; ബില്ലുകളിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണം : സുപ്രീംകോടതി

ന്യൂഡൽഹി : നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ല. പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും കോടതി വ്യക്തമാക്കി.ഇതാദ്യമായാണ് നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി സമയപരിധി നിശ്ചയിക്കുന്നത്. ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഈ അനുച്ഛേദത്തിൽ സമയപരിധി നിശ്ചയിച്ചിരുന്നില്ല.
ജസ്റ്റീസുമാരായ ജെ.ബി.പർഡിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ബില്ലിൽ തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രാഷ്ട്രപതി രേഖാമൂലം അറിയിക്കണം. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടു.
ഏപ്രിൽ എട്ടിന് തുറന്ന കോടതിയിൽ പുറപ്പെടുവിച്ച വിധിയുടെ പൂർണരൂപം വെള്ളിയാഴ്ച അർധരാത്രിയാണ് സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.