ആഴക്കടല്‍ പര്യവേക്ഷണത്തിന് ഇന്ത്യയുടെ പുതിയ കപ്പല്‍;ഇന്ത്യയിലെ കപ്പല്‍ശാലകളില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ പര്യവേക്ഷണ കപ്പലാണ്
രാജ്യത്തിന്റെ ആഴക്കടല്‍ മിഷന്റെ ഭാഗമായി ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലാണ് നിര്‍മാണം
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ധാതുലോഹങ്ങളെ കുറിച്ചുള്ള പര്യവേക്ഷണത്തിന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള എന്‍.സി.പി.ഒ.ആര്‍. (നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച്) വലിയ കപ്പല്‍ നിര്‍മിക്കുന്നു. 89.5 മീറ്റര്‍ നീളമുള്ള കപ്പല്‍ ഇന്ത്യയിലെ കപ്പല്‍ശാലകളില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ പര്യവേക്ഷണ കപ്പലാണ്. 839 കോടി രൂപയാണ് നിര്‍മാണ ചെലവ്. രാജ്യത്തിന്റെ ആഴക്കടല്‍ മിഷന്റെ ഭാഗമായി ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലാണ് നിര്‍മാണം. 38 മാസത്തിനകം കപ്പല്‍ യാത്രയ്ക്ക് സജ്ജമാകും.എന്‍.സി.പി.ഒ.ആര്‍. ഡയറക്ടര്‍ തമ്പാന്‍ മേലത്തിന്റെ സാന്നിധ്യത്തില്‍ ഗോവയില്‍ നടന്ന ചടങ്ങില്‍ എന്‍. സി.പി.ഒ.ആര്‍. (വെസല്‍ ഓപ്പറേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്) മേധാവി എം.എം. സുബ്രഹ്‌മണ്യനും കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ഷിപ്പ് ബില്‍ഡിങ് ഡയറക്ടര്‍ കമാന്‍ഡര്‍ ശാന്തനു ബോസും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പ്രോഗ്രാം മേധാവി കമാന്‍ഡര്‍ പ.കെ. ശ്രീവാസ്തവയും പങ്കെടുത്തു.ഏതു കാലാവസ്ഥയിലും സഞ്ചരിക്കാവുന്ന ഈ കപ്പലില്‍ 34 ഗവേഷകര്‍ക്ക് പഠനങ്ങള്‍ക്കുള്ള സൗകര്യം ഉണ്ടാവും. ആഴക്കടലില്‍ കപ്പല്‍ നിര്‍ത്തിയിട്ട് 4000 മീറ്റര്‍ വരെ ആഴത്തില്‍ പോയി സര്‍വേകളും സാംപിളിങ്ങും നടത്താന്‍ ഗവേഷകര്‍ക്ക് സാധിക്കും. അഗാധസമുദ്രത്തിലെ ആവാസവ്യവസ്ഥ പഠിക്കാനും സാംപിളിങ്ങിനുമായി വിവിധ ലാബുകള്‍ കപ്പലിലുണ്ടാകും.