മഴക്കാലപൂർവ ശുചീകരണം
പഞ്ചായത്തിലെ മുഴുവൻ തോടുകളും ജലാശയങ്ങളും നീരൊഴുക്ക് സുഗമമാകുന്ന തരത്തിൽ ഒരുക്കും
കാഞ്ഞങ്ങാട്: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ശുചിത്വം സുന്ദരം പുല്ലൂർ പെരിയ എന്ന പേരിൽ രണ്ടാംഘട്ട ശുചീകരണ യജ്ഞം ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവൻ തോടുകളും ജലാശയങ്ങളും നീരൊഴുക്ക് സുഗമമാകുന്ന തരത്തിൽ ഒരുക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുല്ലൂർ തോട് ശുചീകരണത്തിന് നേതൃത്വം നൽകി പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർ എം.വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുദേവൻ സ്വാഗതം പറഞ്ഞു. വി.ഇ.ഒ ജിജേഷ് വി. ശശീന്ദ്രൻ വിശദീകരിച്ചു. എച്ച്.ഐ ദീപ, എൻ.ആർ.ഇ.ജി.എ അസിസ്റ്റന്റ് എൻജിനീയർ മനോജ് കുമാർ, സന്നദ്ധസംഘടന പ്രതിനിധി ഗംഗാധരൻ മാക്കരംകോട്ട് എന്നിവർ സംസാരിച്ചു.