പോസ്റ്റോഫിസ് മുഖേന പെൻഷൻ കൈപ്പറ്റുന്നവർ വീണ്ടും ദുരിതത്തിൽ
ജൂലൈയിൽ വിതരണം ചെയ്യേണ്ട പെൻഷൻ തുകയാണ് സാങ്കേതിക തകരാർ മൂലം വൈകുന്നത്
 
                                    പാലക്കാട്: പോസ്റ്റോഫിസ് മുഖേന പെൻഷൻ കൈപ്പറ്റുന്നവർ വീണ്ടും ദുരിതത്തിൽ. ജൂലൈയിൽ വിതരണം ചെയ്യേണ്ട പെൻഷൻ തുകയാണ് സാങ്കേതിക തകരാർ മൂലം വൈകുന്നത്. സഹകരണ ബാങ്കുകൾ മുഖേന പെൻഷൻ കൈപ്പറ്റുന്നവർക്ക് കൃത്യമായി പണം ലഭ്യമായപ്പോഴാണ് മണി ഓർഡർ വഴി കൈപ്പറ്റുന്നവർ ദുരിതത്തിലായത്.അവശതയനുഭവിക്കുന്ന കിടപ്പുരോഗികളും മറ്റുമാണ് പോസ്റ്റോഫിസ് വഴി പെൻഷൻ കൈപ്പറ്റുന്നത്. ട്രഷറികളിൽനിന്ന് വിതരണത്തിന് നൽകിയിരുന്ന മണി ഓർഡർ പെൻഷൻ തുക പോസ്റ്റോഫിസ് അക്കൗണ്ടുകളിൽ വരവുവെച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫിസുകളിൽ സാങ്കേതിക തടസ്സമുള്ളതായി അറിയിച്ചതിനാൽ 2024 ജൂലൈയിലെ പെൻഷൻ വിതരണത്തിൽ കാലതാമസം നേരിടുമെന്ന് ട്രഷറി ഡയറക്ടർ നേരത്തേ വാർത്തക്കുറിപ്പ് ഇറക്കിയിരുന്നു.
എന്നാൽ, 2024 ജൂൺ 22 മുതൽ ആർ.ബി.ഐയിൽ സെറ്റിൽമെന്റ് ഉള്ള എല്ലാ സർക്കാർ അക്കൗണ്ടുകളും ഫിസിക്കൽ മോഡ് വഴി മാത്രമേ ക്രെഡിറ്റ്/ ഡെബിറ്റ് സ്വീകരിക്കുകയുള്ളൂവെന്ന് എസ്.ബി.ഐ അറിയിച്ചിരുന്നു. ട്രഷറികളിൽ നിലവിൽ ഫിസിക്കൽ രീതിയിലുള്ള പണമിടപാടുകൾ അനുവദനീയമല്ല.ട്രഷറി അധികാരികൾ മണി ഓർഡറുകൾ ബുക്ക് ചെയ്യുന്നതിന് പോസ്റ്റൽ ഡിപ്പാർട്മെന്റിലേക്ക് ചെക്ക് നൽകിയാലോ അല്ലെങ്കിൽ എസ്.ബി.ഐ ദേശീയ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻ.ഇ.എഫ്.ടി) സൗകര്യം പുനഃസ്ഥാപിച്ചാലോ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂവെന്ന് പോസ്റ്റൽ അധികാരികൾ അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            