ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ
ഇന്നു രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും.

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ നടത്തും. പൊതുദർശനം അവസാനിച്ചതോടെ ഇന്നലെ രാത്രി എട്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രാർഥനകൾക്കിടെ കമർലെങ്കോ കര്‍ദിനാള്‍ കെവിൻ ഫാരെലൻ മൃതദേഹപേടകം അടച്ചു.
ഇന്നു രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെ മുഖ്യകാർമികത്വം വഹിക്കും. സംസ്കാരശുശ്രൂഷകൾക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിന്റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും.
റികൺസിലിയേഷന്‍ റോഡ്, വിക്ടർ ഇമ്മാനുവൽ പാലം, വിക്ടർ ഇമ്മാനുവൽ കോഴ്സ്, വെനീസ് ചത്വരം, റോമൻ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരുളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക. കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. അന്‍പതോളം പേർ മാത്രമേ സംസ്കാരകർമത്തിൽ സംബന്ധിക്കുകയുള്ളൂ.
രാഷ്ട്രപതി ദ്രൗപദി മുർമുവും മറ്റു ലോകനേതാക്കളും സംസ്കാരച്ചടങ്ങിലും പങ്കെടുക്കും. കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും വത്തിക്കാനിൽ എത്തിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.